വയനാട് കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം. ആറളം പഞ്ചായത്തിലെ ചതിരൂര്‍ നീലായില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്നും വളര്‍ത്തുനായ പിടിച്ചു. രണ്ടാഴ്ചക്കിടയില്‍ ഈ മേഖലയിലെ മൂന്ന് വീടുകളില്‍ നിന്നുമായി വളര്‍ത്തു നായ്ക്കളെ പിടിച്ചു. ഒരു മാസത്തിലധികമായി വനത്തില്‍ നിന്നും കടുവയുടെ മുരള്‍ച്ച സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം വനംവകുപ്പ് അധികൃതരെ അറിയിക്കുകയും വനവകുപ്പ് പരിശോധന നടത്തി കടുവയാണെന്ന്
സ്ഥിരീകരിച്ചിരുന്നു.
കടുവയെ കൂട് വെച്ച് പിടിക്കാനോ മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാനോ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്തെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ബിനോയ് ചുണ്ടന്‍ തടത്തിലിന്റെ വീട്‌ചേര്‍ന്ന് ചേര്‍ന്ന് കൂട്ടില്‍ കെട്ടിയ നായയെയാണ് കടുവ പിടിച്ചത്. സമീപത്ത് കാല്‍പ്പാടുകളും കണ്ടെത്തി. വനമേഖലയോട് തൊട്ടടുത്തുള്ള പ്രദേശമാണിത്. പ്രദേശത്തെ കൂറ്റനാല്‍ തങ്കച്ചന്‍, പേപ്പ് മുണ്ടന്‍ കുന്നേല്‍ എന്നിവരുടെ പട്ടിയെയും കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചിരുന്നു. പുതുപ്പറമ്പില്‍ റോയിയുടെ കോഴിക്കൂടും കഴിഞ്ഞദിവസം തകര്‍ത്തിരുന്നു.