ക്രിസ്മസ്-പുതുവത്സരം; പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ ടീം

0

ക്രിസ്മസ്, പുതുവത്സരത്തോടുബന്ധിച്ച് വയനാട്ടില്‍ അബ്കാരി , എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി. ജനുവരി നാല് വരെയാണ് പ്രത്യേക സ്‌ക്വോഡുകള്‍ ജില്ലയില്‍ പരിശോധനകള്‍ നടത്തുക. വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജ മദ്യനിര്‍മ്മാണം, മായം ചേര്‍ത്ത കള്ള് വില്‍പ്പന, കഞ്ചാവ് മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഉത്സവാഘോഷ വേളയില്‍ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ തടയുന്നതിന് സ്‌പെഷ്യല്‍ ടീമുകളെ നിയോഗിച്ചത്.

അന്യ സംസ്ഥാനത്ത് നിന്നും നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങളും മയക്കുമരുന്നുകളും മദ്യവും ജില്ലയിലെത്തുന്നത് തടയാന്‍ വിപുലമായ പരിശോധകള്‍ ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തും. രഹസ്യ വിവരശേഖരണത്തിലൂടെയും പൊതുജനങ്ങളുടെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയും കുറ്റ കൃത്യങ്ങള്‍ അമര്‍ച്ച ചെയ്യുകയെന്നതാണ് പ്രത്യേക എക്‌സൈസ് എന്‍ഫോഴ്‌സ് ടീമിന്റെ ലക്ഷ്യം. അതിര്‍ത്തി ഗ്രാമങ്ങള്‍, വനപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥങ്ങളിലെല്ലാം വ്യാജമദ്യ ഉത്പാദനവും വിപണനവും നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലയിലെല്ലാം പ്രത്യേക പരിശോധനയുണ്ടായിരിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വയനാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും.

വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ ലക്ഷ്യമാക്കി കഞ്ചാവ്, ലഹരി മരുന്നുകളുടെ വില്‍പ്പന നടത്തുന്നവരെ കണ്ടെത്താനും പ്രത്യേക ടീമുണ്ടാകും. സ്‌പെഷ്യല്‍ ഡ്രൈവ് കാലയളവില്‍ 24 മണിക്കൂറും കല്‍പ്പറ്റ മുണ്ടേരിയില്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. പ്രിവന്റീവ് ഓഫീസറെയും സിവില്‍ എക്‌സൈസ് ഓഫീസറെയും ഇതിനായി ഡ്യൂട്ടിക്ക് നിയോഗിച്ചു. സ്‌ട്രൈക്കിങ്ങ് പാര്‍ട്ടിയും സേവനത്തിലുണ്ടാകും. വിവരങ്ങള്‍ ലഭിക്കുന്ന പക്ഷം സംഭവ സ്ഥലത്ത് സംഘം ഉടനടി എത്തും. വാഹന പരിശോധന, രാത്രികാല പട്രോളിങ്ങ് തുടങ്ങിയവയെല്ലാം ശക്തമാക്കും. ജില്ലയില്‍ താമസിക്കുന്ന ഇതര ദേശ തൊഴിലാളികള്‍ ക്കിടയില്‍ വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നുണ്ടെന്ന പരാതിയില്‍ ഇവരുടെ ക്യാമ്പുകളില്‍ പ്രത്യേക പരിശോധന നടത്തും. ആവശ്യുള്ള കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മായം ചേര്‍ത്ത കള്ള് വിതരണം നടത്തുന്നത് തടയാനും പരിശോധന നടത്തും. ചെക്ക് പോസ്റ്റില്ലാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹനപരിശോധന നടത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!