മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ എസ്ഡിആര്‍എഫ് അക്കൗണ്ട് നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അക്കൗണ്ട് ഓഫീസര്‍ നേരിട്ടാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. കൃത്യമായി വിവരം നാളെത്തന്നെ വേണമെന്നും ജനങ്ങളെ പുനരധിവസിപ്പിക്കുകയാണ് പ്രധാനം അല്ലാതെ ടെക്‌നിക്കല്‍ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ പോരെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു.
ദുരന്തം ഉണ്ടായ സമയത്ത് എസ്ഡിആര്‍എഫിന്റെ അക്കൗണ്ടില്‍ എത്ര ഉണ്ടായിരുന്നു. അതില്‍ എത്ര രൂപ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിയും, ദുരന്തം ഉണ്ടായി ഇന്നുവരെ ഇടക്കാല ഫണ്ടായി കേന്ദ്രം എത്ര ഫണ്ട് നല്‍കിയെന്നും ഇനിയെത്ര കൊടുക്കുമെന്ന് കേന്ദ്രവും വ്യക്തമാക്കണം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സര്‍ക്കാരും അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം, എല്‍ 3 ദുരന്തമായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആഗസ്റ്റ് 17ന് കേരളം നല്‍കിയ നിവേദനം എവിടെ പോയെന്നും മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വിഷയം പരിഗണിക്കാമെന്നാണ് മറുപടി പറഞ്ഞിരുന്നത്. കേന്ദ്രം ഒന്നും തന്നില്ലെങ്കിലും കേരളം വയനാടിനെ ചേര്‍ത്ത് പിടിക്കും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം ഒരുമിക്കുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.