വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍

0

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ വയനാട്ടില്‍ കാലാവസ്ഥ പ്രവചിക്കാന്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കീഴിലാണ് 150 കിലോമീറ്റര്‍ വരെ പരിധിയില്‍ സിഗ്‌നല്‍ ലഭിക്കാന്‍ ശേഷിയുള്ള എസ് ബാന്‍ഡ് റഡാര്‍ സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്ക് റഡാര്‍കൊണ്ട് പ്രയോജനമുണ്ടാവും. ഓരോ 10 മിനിറ്റിലും പ്രവചനം നടത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നിലവില്‍ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് റഡാറുള്ളത്. കൊച്ചിയിലെ റഡാറിന്റെ പരിധിയിലാണിപ്പോള്‍ കോഴിക്കോട്, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകള്‍. കാലാവസ്ഥാവ്യതിയാനം കാരണം 2018 മുതല്‍ വയനാട്ടില്‍ അതിതീവ്രമഴയാണ് പെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ ജൂലായ് 29- ന് 327 മില്ലിമീറ്റര്‍ മഴയാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലും പെയ്തത്. ഇതാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചത്. പക്ഷേ, മുന്നറിയിപ്പുനല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ആറ് ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷനുകളും ഹ്യൂംസെന്ററിന്റെ 200 മഴമാപിനികളും വയനാട് ജില്ലയില്‍ പലഭാഗത്തായി ഉണ്ടെങ്കിലും ഓരോ ദിവസത്തെ അളവുകള്‍ മാത്രമാണ് ലഭിക്കുന്നത്. റഡാര്‍ സ്ഥാപിക്കുന്നതോടെ മഴമേഘങ്ങളുടെ ചലനം മനസ്സിലാക്കാന്‍ കഴിയുന്നതിനാല്‍ എവിടെയാണ് അതിതീവ്രമഴ പെയ്യുക എന്ന് മുന്‍കൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും. മേഘങ്ങള്‍ രൂപപ്പെടുന്നത് കണ്ടെത്താന്‍ കഴിയുന്നതിനാല്‍ മേഘവിസ്‌ഫോടനത്തിനുള്ള സാധ്യതകളും മുന്‍കൂട്ടി അറിയാനാവും. റഡാര്‍ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, സിഗ്‌നല്‍ ലഭിക്കാന്‍ പശ്ചിമഘട്ടമലനിരകള്‍ തടസ്സമാവും എന്നതുകൊണ്ടാണ് വയനാട്ടിലേക്ക് മാറ്റിയത്. മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികളാണ് ബാക്കിയുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!