കല്‍പ്പറ്റ:വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം തന്നെ ആയിരങ്ങളാണ് കണ്ടത്. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ടൂറിസം മേഖല പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റ് എന്നത് ഏറെ ശ്രദ്ധേയമാണ്. വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. പക്ഷേ അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത്. ഇന്ന്, വിനോദസഞ്ചാരമേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന വയനാട്ടിലെ നിരവധി ആളുകള്‍ എല്ലാവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. അടുത്തിടെയുണ്ടായ ദുരന്തം മുണ്ടക്കൈ മേഖലയെ മാത്രം ബാധിച്ചപ്പോള്‍, വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണയിലേക്ക് ഇത് നയിച്ചു, ഇത് വിനോദസഞ്ചാരികളുടെ വരവില്‍ വലിയ ഇടിവുണ്ടാക്കി. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം, വയനാട് ഊര്‍ജസ്വലവും ആ ചൈതന്യം തകര്‍ക്കപ്പെടാത്തതുമാണ്. വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും അതിന്റെ ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കുന്ന രീതിയില്‍ ആ സൗന്ദര്യം ആസ്വദിക്കാനും, അനുഭവിക്കാനും വയനാട് സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നു. കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി പ്രതിനിധി വിനോദ് രവീന്ദപ്രസാദ്, ഡി ടി പി സി ജീവനക്കാരന്‍ ലൂക്ക ഫ്രാന്‍സിസ്, ടാക്സി ഡ്രൈവര്‍ ഉണ്ണി കല്‍പ്പറ്റ, വനിതാഹോട്ടല്‍ ഉടമ ശാന്ത നന്ദനന്‍, ഓട്ടോഡ്രൈവര്‍ മുസ്തഫ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ സഹിതമാണ് രാഹുല്‍ഗാന്ധിയുടെ പോസ്റ്റ്.