നൂല്‍പ്പുഴയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍കൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് സ്ത്രീകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുണ്ടാണംകുന്ന്, നെന്മേനിക്കുന്ന് സങ്കേതങ്ങളിലെ രണ്ട്പേരാണ് ചികിത്സതേടിയത്. ഇതോടെ എട്ട് സ്ത്രീകളും നാല് പുരുഷന്‍മാരും രണ്ട് കുട്ടികളും ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ എണ്ണം പതിനാലായി. രണ്ട് സാമ്പിളുകള്‍കൂടി പരിശോധനയ്ക്കായി അയച്ചു.
ഏഴ് സാമ്പിളുകളുടെ ഫലം വരാനുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ളസ്രോതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും, ബോധവല്‍ക്കരണ അനൗണ്‍സ്മെന്റും നടത്തി ജാഗ്രത തുടരുകയാണ്. ചികിത്സയ്ക്കെത്തിയവരില്‍ 9 പേരുടെ സാമ്പിളുകളാണ് പരിശോധനയക്കയച്ചത്. ഇതില്‍ രണ്ട് പേരുടെ പരിശോധന ഫലമാണ് ഇതുവരെ വന്നത്. ഇതില്‍ ഒന്ന് മരണപ്പെട്ട ബിജിലയുടെയും മറ്റൊന്ന് രോഗം ബാധിച്ച് ചികിത്സയ്ക്കെത്തിയയാളുടേതുമാണ്. ഇതോടെ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ രോഗം സ്ഥിരീകരിച്ചതും ആളുകള്‍ സമ്പര്‍ക്കത്തില്‍ വന്നതുമായ കോളനികളിലെയും മറ്റും കുടിവെള്ള സ്രോതസ്സുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും ബോധവല്‍ക്കരണ അനൗണ്‍സ്മെന്റും നടത്തിവരുകയാണ്. കൂടാതെ കല്ലൂര്‍ ടൗണിലെ വ്യാപാരികളെ വിളിച്ചുചേര്‍ത്ത് പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന് വേണ്ട് മുന്‍കരുതലുകള്‍ എടുത്തു.