ജില്ലയിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ കോളറ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജല-ഭക്ഷ്യജന്യ രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ദിനീഷ്.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ കണ്ടാനം കുന്ന്, ലക്ഷം വീട്, തിരുവണ്ണൂര്‍ ഉന്നതികളും ചുറ്റുമുള്ള 500 മീറ്റര്‍ പ്രദേശത്തും ജില്ലാ കളക്ടര്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്തില്‍ കുടിവെള്ളം മാസ് സൂപ്പര്‍ ക്ലോറിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. പൊതുശുചിത്വ നിലവാരത്തിന്റെ കുറവാണ് രോഗം വരാനുള്ള പ്രധാന കാരണം.വ്യക്തി-കുടിവെള്ള-ഭക്ഷണ-പരിസര ശുചിത്വത്തില്‍ വിട്ടുവീഴ്ച പാടില്ല. കുട്ടികള്‍,രോഗപ്രതിരോധ ശേഷി കുറവുള്ളര്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങള്‍
കടുത്ത വയറിളക്കം, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി ആശുപത്രിയിലെത്തി ചികിത്സ തേടണം. വിബ്രിയോ കോളറ ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് കോളറ. ചികിത്സിക്ക് ഫലപ്രദമായ ആന്റിബയോട്ടിക്കുകള്‍ ലഭ്യമാണ്. ചികിത്സിച്ചില്ലെങ്കില്‍ അതിവേഗം രോഗം പടരും. രോഗലക്ഷണങ്ങള്‍ കുറഞ്ഞാലും ദിവസങ്ങളോളം രോഗം പകരാം. മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പടരുന്നത്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാം. തീവ്രമായ അതിസാരമാണ് കോളറയുടെ മുഖ്യ ലക്ഷണം. ദ്രാവകാവസ്ഥയിലുള്ള കഞ്ഞിവെള്ളം പോലെയുള്ള മലം വലിയ അളവില്‍ വിസര്‍ജിച്ചുകൊണ്ടിരിക്കും. മലത്തിലൂടെ രോഗാണു രോഗിയില്‍ നിന്ന് കുടിവെള്ളത്തിലും ഭക്ഷണത്തിലും എത്തി മറ്റുള്ളവരെയും ബാധിക്കും. ഈച്ചയും രോഗം പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അപൂര്‍വമായാണ് രോഗാണു മനുഷ്യരില്‍ നിന്നും മറ്റ് മനുഷ്യരിലേക്ക് പകരുകയുള്ളൂ. വയറിളക്കവും ഛര്‍ദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. മറ്റ് വയറിളക്കങ്ങളില്‍ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും രോഗത്തിന്റെ സവിശേഷതയാണ്. മറ്റ് വയറിളക്കങ്ങളില്‍ ഉണ്ടാകുന്ന പനി, വയറുവേദന, മലത്തില്‍ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറ രോഗത്തില്‍ കാണണമെന്നില്ല.
ഗുരുതരമായ രോഗലക്ഷണങ്ങള്‍
ശരീരത്തില്‍ നിന്നും ധാരാളം ജലം നഷ്ടപ്പെടുന്നതിനാല്‍ രോഗി ക്ഷീണിക്കുകയും രക്തസമ്മര്‍ദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകള്‍ക്കും ഉണ്ടാകുന്ന വരള്‍ച്ച, കണ്ണുകള്‍ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്. ശരീരത്തില്‍ നിന്നും ജലാംശം പെട്ടെന്ന് കുറയുന്നതിനാല്‍ മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യും. പ്രധാന ലക്ഷണമായ ഛര്‍ദ്ദി ഉള്ളതിനാല്‍ രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകള്‍ക്കകം അവശരാക്കുന്നതിനും മരണത്തിനും കോളറ കാരണമായേക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ചികിത്സിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.