കാട്ടാന വീടിന്റെ ഗെയിറ്റ് തകര്‍ത്തു

0

മരകാവ് ഭൂദാനത്ത് വാഴയില്‍ മത്തായിയുടെ വീടിന് മുന്നിലെ ഗെയിറ്റാണ് ഇന്ന് പുലര്‍ച്ചെ ആന തകര്‍ത്തത്. പ്രദേശത്ത് നിരവധി കര്‍ഷകരുടെ കൃഷികളും ആന നശിപ്പിച്ചിട്ടുണ്ട്. വീടിന്റെ പിന്‍വശത്തുകൂടി എത്തിയ രണ്ട് കാട്ടാനകളാണ് അടച്ചിട്ടിരുന്ന ഗെയിറ്റ് തകര്‍ത്ത് റോഡിലേക്കിറങ്ങിയത്. നെയ്ക്കുപ്പ വനത്തില്‍ നിന്നിറങ്ങിയ കാട്ടാനകള്‍ ആഴ്ചകളായി പ്രദേശത്ത് നിരവധി കര്‍ഷകരുടെ കൃഷികള്‍ നശിപ്പിച്ചു. വനാതിര്‍ത്തിയിലെ ട്രഞ്ചും ഫെന്‍സിങും തകര്‍ന്നു കിടക്കുന്നതിനാലാണ് ആനകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്കിറങ്ങാന്‍ കാരണം.

കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനകള്‍ മരകാവ്, ഭൂദാനം, വേലിയമ്പം, കണ്ടാമല തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. സന്ധ്യമയങ്ങുന്നതോടെ വനത്തില്‍ നിന്നിറങ്ങുന്ന ആനകള്‍ നേരം പുലര്‍ന്നാണ് കൃഷിയിടങ്ങളില്‍ നിന്നും പോകുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇത് മൂലം പകല്‍പോലും കര്‍ഷകര്‍ക്ക് കൃഷിയിടത്തില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വനാതിര്‍ത്തിയിലെ തകര്‍ന്നുകിടക്കുന്ന ട്രഞ്ചും ഫെന്‍സിങും നന്നാക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ നാട്ടുകാര്‍ വനംവകുപ്പിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കഴിഞ്ഞദിവസം ഭൂദാനം കവലയില്‍ ഇറങ്ങിയ കാട്ടാന വാഹനങ്ങള്‍ക്കു നേരം ചീറിയടുത്തിരുന്നു. ഇതുമൂലം പുലര്‍ച്ചെ ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. നെയ്ക്കുപ്പ വനാതിര്‍ത്തിയില്‍ മുന്‍കാലങ്ങളില്‍ വനംവകുപ്പ് ആനയിറങ്ങുന്നത് തടയാന്‍ വാച്ചര്‍മാരെ നിയമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പലദിവസങ്ങളിലും വാച്ചര്‍മാരില്ലാത്ത അവസ്ഥയാണ്. വനാതിര്‍ത്തി മേഖലകളില്‍ വാച്ചര്‍മാരെ നിയമിച്ച് ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആനകളെ തുരത്താന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!