വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടി വനാതിര്‍ത്തി ഗ്രാമങ്ങള്‍

0

 

വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാന,കടുവ,പന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനുപുറമേ മനുഷ്യ ജീവനുകൂടി വന്യമൃഗങ്ങള്‍ ഭീഷണിയായി മാറിയതോടെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. വനാതിര്‍ത്തികളില്‍ വനം വകുപ്പൊരുക്കിയ പരമ്പരാഗതമായ പ്രതിരോധ സംവിധാനങ്ങളുടെ പരാജയമാണ് വന്യമൃഗ ശല്യം പരിഹരിക്കപ്പെടാതെ പോകാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്.ഇതിനു പരിഹാരം കാണാന്‍ നൂതന പ്രതിരോധ സംവിധാനങ്ങള്‍ കണ്ടെത്തി നടപ്പിലാക്കണമെന്നാണ് ആവശ്യം.

വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാ്ട്ടാന, കടുവ,പന്നി, മാന്‍ , കുരങ്ങ് അടക്കമുളള വന്യമൃഗ ശല്യം രൂക്ഷമാണ്. ഇത് ഇവിടങ്ങളിലെ ജനങ്ങളുടെ സൈര്യ ജീവിതത്തെയാണ് തകര്‍ക്കുന്നത്. കാട്ടനകള്‍ കര്‍ഷകരുടെ ജീവന് തന്നെ ഭീഷണിയാകുന്ന കാഴ്ചായണ് പലപ്പോഴും ഉണ്ടാകുന്നത്. ഇതോടെ നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാകുകയാണ്. കഴിഞ്ഞ ആഴ്ച കാട്ടാനകള്‍ ജനവാസമേഖലയിലിറങ്ങി വ്യാപകമായി നാശനഷ്ടം വരുത്തിയതോടെ തോട്ടാമൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. പൂതാടി പഞ്ചായത്തിലെ വട്ടത്താനിയിലും കാട്ടുകൊമ്പന്റെ ശല്യവും രൂക്ഷമായിട്ടുണ്ട്. ഈ കൊമ്പന്റെ ആക്രമണത്തില്‍ നിന്നും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. വനാന്തരഗ്രാമമായ വടക്കനാട്ടെ വള്ളുവാടി, പള്ളിവയല്‍, കരിപ്പൂര്‍മേഖലകളിലെ കൃഷിയിടങ്ങളിലും റോഡുകളിലും വീട്ടുപരിസരങ്ങളിലും കാട്ടാനകള്‍ സൈര്യവിഹാരം നടത്തുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രദേശത്തെ മൂന്നുവീടുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. വീടുകള്‍ക്ക് മുകളിലേക്ക് തെങ്ങും കവുങ്ങും കുത്തിമറിച്ചിട്ടാണ് ആനകളുടെ വിളയാട്ടം. ഇതിനു പുറമെയാണ് കടുവ ഭീതി. വളര്‍ത്തുമൃഗങ്ങളെ അടക്കം കൊല്ലുന്നതും പതിവായിട്ടുണ്ട്. ഇതു കാരണം നേരമിരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍പോലും ഭയപ്പാടുകയാണ് വനാതിര്‍ത്തിയിലെ ജനങ്ങള്‍. വന്യമൃഗ ശല്യം തടയാന്‍ വനാതിര്‍ത്തികളില്‍ കാലാകാലങ്ങളായി നടപ്പിലാക്കി വരുന്ന പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണ് നിലവില്‍ വന്യമൃഗ ശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് ആരോപണം. ഇതിനു പരിഹാരമായി വന്യമൃഗ പ്രതിരോധത്തിനായി നൂതന സംവിധാനങ്ങള്‍ കണ്ടെത്തിയും വനാതിര്‍ത്തിയിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തും പദ്ധതികള്‍ നടപ്പിലാക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!