അവകാശങ്ങൾ ചോദിച്ചറിഞ്ഞ് വിദ്യാർത്ഥികൾ; ശ്രദ്ധേയമായി ചിൽഡ്രൻസ് കോൺക്ലേവ്

0

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന അവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതി, നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ബസ്സുകളിൽ കുട്ടികളുടെ സുരക്ഷിതത്വം, ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ, ലൈംഗീകാതിക്രമങ്ങൾ, തുല്യത, മാധ്യമങ്ങളുടെ പങ്ക്, തുടങ്ങി വിവിധ വിഷയങ്ങളുടെ സംവാദ വേദിയായി ചിൽഡ്രൻസ് കോൺക്ലേവ്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചിൽഡ്രൻസ് കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ ബോധ്യപ്പെടുത്താനും അവ പാലിക്കാനുള്ള ധാർമിക ഉത്തരവാദിത്വം കുട്ടികളിൽ ഉറപ്പാക്കാനും ഇത്തരം കോൺക്ലേവുകൾക്ക് സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗോത്ര മിത്ര പദ്ധതിയും ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു.

മനുഷ്യമൃഗ സംഘർഷം, തെരുവ് നായശല്യം, ലഹരി ഉപയോഗം, വിദ്യാർഥികളുടെ നിയമ പരിരക്ഷ, പോക്സോ കേസ്, നീതിന്യായ വ്യവസ്ഥയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിലും സമഗ്രമായ വിശകലനം നടന്നു. ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി എഴുനൂറിലധികം വിദ്യാർഥികൾ കോൺക്ലേവിൽ പങ്കെടുത്തു. കരുത്തുറ്റ തലമുറകൾക്കായി കുട്ടികളിൽ അവകാശ ബോധം ഇന്നേ ഉറപ്പാക്കാം എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ലീഗൽ സർവീസ് അതോറിറ്റിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ഡോൺ ബോസ്കോ കോളേജും ചേർന്നാണ് ചിൽഡ്രൻസ് കോൺക്ലേവ് സംഘടിപ്പിച്ചത്.

കോൺക്ലേവിൽ ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്‌ജി എസ്‌.നസീറ അധ്യക്ഷയായിരുന്നു. ജില്ലാ ജഡ്ജിയും കെ ഇ എൽ എസ് എ മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ ആമുഖ പ്രഭാഷണം നടത്തി. കേരള സ്‌റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെൻ്റർ ഡയറക്‌ടറും ജില്ലാ ജഡ്‌ജിയുമായ എ.ജുബിയ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എ.ബി അനൂപ്, സബ് ജഡ്ജ് കെ.അനീഷ് ചാക്കോ, എൻഫോഴ്സ്മെന്റ് ആർ ടി ഒ അനൂപ് വർക്കി, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെർപേഴ്സൺ കെ.ഇ ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഡോൺ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ.കെ.പി ജോൺസൻ, എച്ച്.എസ്.ഇ വയനാട് കോർഡിനേറ്റർ എം.കെ ഷിവി, കൺവീനർ ഫാ.വി.ജെ ജെൻസൺ എന്നിവർ സന്നിഹിതരായിരുന്നു. കോൺക്ലേവിൽ പങ്കെടുത്ത വിദ്യാലയങ്ങൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!