ഇത്തവണ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ലാ ഭരണകൂടം

0

 

കോവിഡ് പ്രതിസന്ധിയില്‍ രണ്ടു വര്‍ഷമായി മുടങ്ങിയ വിപുലമായ ഓണാഘോഷ പരിപാടികള്‍ ഇത്തവണ കൂടുതല്‍ വര്‍ണാഭമാക്കാന്‍ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും. സെപ്തംബര്‍ 6 മുതല്‍ 11 വരെ ഒരാഴ്ച നീളുന്ന വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലയിലെ മൂന്ന് നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന ആഘോഷ പരിപാടികള്‍. ജില്ലാതല ഉദ്ഘാടനം 6 ന് മാനന്തവാടിയിലും സമാപനം 11 ന് കല്‍പ്പറ്റയിലും നടക്കും.

ഇവക്ക് പുറമെ സുല്‍ത്താന്‍ ബത്തേരിയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഓരോ കേന്ദ്രത്തിലും രണ്ട് ദിവസം വീതമുള്ള സ്റ്റേജ് പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതുകൂടാതെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവിധതരത്തിലുള്ള ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പൂക്കള മത്സരം, വടംവലി, മഡ് ഫുട്‌ബോള്‍ തുടങ്ങിയ ആകര്‍ഷകമായ മത്സരങ്ങള്‍ നടത്തും. വ്യാപാര സ്ഥാപനങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി അലങ്കരിക്കും. എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ ജനപ്രതിനിധികള്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ ചെയര്‍പെഴ്‌സണും ഡി.ടി.പി.സി സെക്രട്ടറി കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

ആലോചനാ യോഗത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എം. മധു, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലീം, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, വിവിധ വകുപ്പ് പ്രതിനിധികള്‍, ടൂറിസം സംഘടന പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!