കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച പുനരാരംഭിക്കും. തിങ്കളാഴ്ച മുതല്‍ പത്തിലെ ക്ലാസുകള്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30 മുതല്‍ 08.00 മണിവരെ അതേ ക്രമത്തില്‍ നടത്തും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 07.00 മണി മുതല്‍ ഇതേ ക്രമത്തില്‍ നടത്തും.
പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 11.00 മുതല്‍ 12.00 മണി വരെയും എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചയ്ക്ക് 02.00 നും 02.30 നും ആയിരിക്കും. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംപ്രേഷണം ചെയ്ത രൂപത്തില്‍ ഉച്ചയ്ക്ക് 12.00 നും 02.00 നും ഇടയില്‍ സംപ്രേഷണം ചെയ്യും.
പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂര്‍ത്തിയായതായി കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും. ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ആവശ്യമെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവന്‍ ക്ലാസുകളും കുട്ടികള്‍ക്ക് അവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് firstbell.kite.kerala.gov.in പോര്‍ട്ടലിലൂടെ കാണാം. ഇനിയുള്ള ക്ലാസുകളുടെ സമയക്രമവും പോര്‍ട്ടലില്‍ ലഭ്യമാകും.