ജില്ലയില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ :തെരഞ്ഞെടുത്ത 25 വില്ലേജുകളില്‍ സര്‍വ്വെ നടത്തും

0

കേന്ദ്ര ഡിജിറ്റല്‍ കാര്‍ഷിക വിവര സങ്കേതം അധിഷ്ഠിതമായ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ നാല് ബ്ലോക്കുകളിലെ 18 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത 25 വില്ലേജുകളിലാണ് ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ റാബി സീസണില്‍ നടപ്പിലാക്കുക. ഓരോ പഞ്ചായത്തില്‍ നിന്നും പരിശീലനം ലഭിച്ച സര്‍വ്വെ വളണ്ടിയര്‍മാര്‍ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് സര്‍വ്വെ നടത്തും. മൂന്ന് തലങ്ങളിലായുള്ള അഗ്രി സ്റ്റാക്കിന്റെ വികസനത്തില്‍ ഒന്നാം ഘട്ടത്തില്‍ കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങള്‍, ഭൂമി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെ റവന്യു വകുപ്പിന്റെ ഡാറ്റയുമായി പരിശോധിച്ച് അഗ്രി സ്റ്റാക്കിലേക്ക് കൂട്ടിച്ചേര്‍ക്കും. രണ്ടാം ഘട്ടത്തില്‍ കൃഷിഭൂമിയുടെ വിവരങ്ങള്‍ റവന്യൂ വകുപ്പിന്റെ ഡിജിറ്റല്‍ വില്ലേജ് മാപ്പുകളില്‍ അടയാളപ്പെടുത്തും. ഓരോ കൃഷിഭൂമിയിലുള്ള വിളകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് ഉള്‍പ്പെടുത്തുകയാണ് മൂന്നാം ഘട്ടത്തില്‍്. കര്‍ഷകരുടെ കൃഷിഭൂമി, വിളകള്‍ എന്നിവയുടെ വിവരങ്ങള്‍ ലഭ്യമായാല്‍ കര്‍ഷകര്‍ക്ക് കേന്ദ്ര-സംസ്ഥാന പദ്ധതി ആനുകൂല്യം, ധനസഹായം, സേവനം എന്നിവ കൃത്യതയോടെ നല്‍കാന്‍ സാധിക്കും. കൃഷിയുടെ തല്‍സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിവര സങ്കേതിക വിദ്യകളെയും വിവിധ ഡാറ്റ ബേസുകളെയും ഒരുമിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സങ്കേതമാണ് അഗ്രി സ്റ്റാക്ക്. സംസ്ഥാനത്ത് ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലാണ് പൈലറ്റടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടപ്പാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!