ലോക് ഡൗണിനെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവില്‍ ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ കൂട്ടുപലിശയോ പിഴ പലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി.
വായ്പ തുക എത്രയായാലും കൂട്ടുപലിശയോ, പിഴപലിശയോ ഈടാക്കരുത്. ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വായ്പ തിരിച്ചടവുകള്‍ക്ക് സാവകാശം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ പലിശയും കൂട്ടു പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള കേസിലാണ് സുപ്രീം കോടതിയുടെ വിധി. രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശയോ പിഴപലിശയോ ഈടാക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് എല്ലാ വായ്പകള്‍ക്കും ബാധകമാക്കിയാണ് സുപ്രീം കോടതി വിധി.
അതേസമയം മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കാനാകില്ല. കാരണം നിക്ഷേപകര്‍ക്ക് പലിശ നല്‍കിയാണ് ബാങ്കുകളും നിലനില്‍ക്കുന്നത്. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവിശ്യവും കോടതി തള്ളി. സാമ്പത്തിക കാര്യങ്ങളില്‍ നയപരമായ തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാറിനാണ്. ഇക്കാര്യങ്ങള്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ലോക്ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.