വയനാട് സ്‌കൂള്‍സ്ലീഗിന് തുടക്കം

0

പ്രഥമ യുവാ കപ്പ് വയനാട് സ്‌കൂള്‍സ്ലീഗിന് കല്‍പ്പറ്റ മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ തുടക്കം. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു.ഷറഫലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സ്‌കൂള്‍ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് യുവാ കപ്പ്.

ഉദ്ഘാടന മത്സരത്തില്‍ വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിണങ്ങോടും ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മീനങ്ങാടിയുമാണ് ഏറ്റുമുട്ടിയത്. കളം നിറഞ്ഞു കളിച്ച ഇരു ടീമുകളും വാശിയോടെ പൊരുതി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആദ്യ മത്സരത്തില്‍ വിജയിച്ചു. മീനങ്ങാടിക്ക് വേണ്ടി മുഹമ്മദ് ഷഹബാസ്, അഭിജിത്ത് എന്നിവര്‍ ഗോള്‍ നേടി. പിണങ്ങോടിന്റെ ഏക ഗോള്‍ മുഹമ്മദ് അംജദും നേടി. വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനവുമായി രക്ഷിതാക്കളും കാണികളും സ്റ്റേഡിയത്തിലെത്തിയിരുന്നു. വളര്‍ന്നുവരുന്ന യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇത്തരത്തിലുള്ള ടൂര്‍ണമെന്റുകള്‍ ഏറെ ഗുണം ചെയ്യുമെന്നും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വയനാട്ടില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള താരങ്ങള്‍ ഉയര്‍ന്നുവരുമെന്നും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു ഷറഫലി പറഞ്ഞു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബാണ് ടൂര്‍ണമെന്റ് നടത്തുന്നത്. മൂന്ന് സബ് ജില്ലകളില്‍നിന്നും യോഗ്യത നേടിയ ആറ് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മത്സരങ്ങള്‍. ഫെബ്രുവരി 11വരെയാണ് ടൂര്‍ണമെന്റ്. ലീഗടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു,ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ റഫീഖ്, സെക്രട്ടറി ബിനു തോമസ്, മുന്‍ ബ്ലാസ്റ്റേഴ്സ് താരം സുശാന്ത് മാത്യു, വയനാട് യുണൈറ്റഡ് എഫ് സി ചെയര്‍മാന്‍ സി കെ ഷമീം ബക്കര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!