ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന് മുഖ്യമന്ത്രി. ശരീരത്തിന്റെ ഓക്‌സിജന്‍ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഗുണനിലവാരമുള്ള ഓക്‌സിമീറ്ററുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്റര്‍ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ചോദിച്ചിട്ടുണ്ട്. മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് അവ ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ എടുത്തവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ എടുത്തവര്‍ അതിരുകവിഞ്ഞ സുരക്ഷാബോധം കൊണ്ടുനടക്കേണ്ട കാര്യമില്ല. രോഗം വന്നാലും രൂക്ഷത കുറവായിരിക്കും എന്നേയുള്ളൂ. വാക്‌സിന്‍ എടുത്തവരിലും രോഗബാധയുണ്ടാവാം. ഇവര്‍ രോഗവാഹകരായി മാറാനും സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.