ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതില്‍ എംഎസ്ഒ എന്ന നിലയില്‍ കേരള വിഷന്‍ രാജ്യത്ത് എട്ടാം സ്ഥാനത്തെത്തിയതായി സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.മന്‍സൂര്‍. മുന്നിലുള്ള മറ്റ് എംഎസ്ഒകള്‍ രാജ്യം മുഴുവന്‍ പ്രവര്‍ത്തിച്ചാണ് ഈ നേട്ടം കൈവരിച്ചതെങ്കില്‍ കേരള വിഷന്‍ കേരളത്തില്‍ മാത്രം പ്രവര്‍ത്തിച്ചാണ് എട്ടാം സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൊളഗപ്പാറ വയനാട് ഹില്‍സ്യൂട്ട് ഹോട്ടലില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) ബത്തേരി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊളഗപാറയില്‍ കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) ബത്തേരി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി ഒ എയുടെയും ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും വളര്‍ച്ചയെ കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എം മന്‍സൂര്‍ പറഞ്ഞത്. ഒട്ടേറെ പ്രതിബന്ധങ്ങളിലൂടെയും സമര ചരിത്രങ്ങളിലൂടെയുമാണ് ഇന്ന് കാണുന്ന അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്ക് എത്താന്‍ സി ഒ എയ്ക്കും ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും സാധിച്ചത്. കൃത്യമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്ന എം എസ് ഒ കളില്‍ രാജ്യത്ത് എട്ടാം സ്ഥാനത്ത് എത്താന്‍ സാധിച്ചു. കണക്ടിവിറ്റിയില്‍ രാജ്യത്ത് ആറാം സ്ഥാനത്തും എത്താനും സാധിച്ചു. പൊതുവെ കണക്ടിവിറ്റിയില്‍ ഇടിവ് സംഭവിക്കുമ്പോഴാണ് നമുക്ക് ഈ നേട്ടം നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നുളളതും അഭിമാനകരമാണ്. കൂടാതെ സി ഒ എ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ ഓപ്പറേറ്റര്‍മാരുടെ ഉന്നമനം ലക്ഷ്യംവെച്ചാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖല പ്രസിഡന്റ് സി അരവിന്ദന്‍ സമ്മേളനത്തിന് പതാക ഉയര്‍ത്തുകയും ചടങ്ങില്‍ അധ്യക്ഷനാവുകയും ചെയ്തു. മേഖല സെക്രട്ടറി സി എച്ച് അബ്ദുളള റിപ്പോര്‍ട്ടും, മേഖല ട്രഷറര്‍ ശ്രീകല ബ്രിജുരാജ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി അഷ്‌റഫ് ജില്ലാ റിപ്പോര്‍ട്ടും വയനാട് വിഷന്‍ എം ഡി പി എം ഏലിയാസ് കമ്പനി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേരള വിഷന്‍ ചെയര്‍മാന്‍ സംസ്ഥാന കമ്മറ്റി റിപ്പോര്‍ട്ടും, കെ പി അനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ബിജു ജോസ് , മാനന്തവാടി മേഖല സെക്രട്ടറി വിജിത്, വൈത്തിരി മേഖല സെക്രട്ടറി കാസിം, അസീസ്, ബിനേഷ് മാത്യു എന്നിവര്‍ സംസാരിച്ചു. വൈത്തിരി മേഖല സമ്മേളനം നാളെ മേപ്പാടിയിലും, 9 ന് മാനന്തവാടി മേഖല സമ്മേളനവും നടക്കും.