ജില്ലാ വികസന സമിതി
ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയ വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു. അമ്പലവയല്‍ റസ്റ്റ് ഹൗസ് പരിസരത്ത് വര്‍ദ്ധിച്ച് വരുന്ന റോഡ് അപകടങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയും പോലീസും സംയുക്തമായി പരിശോധന നടത്തണം. ജില്ലയില്‍ ഇതുവരെയും സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ പുരോഗതിയും യോഗം വിലയിരുത്തി. 1010 ഗോത്ര വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഹാജരാകാത്തത്. ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കാന്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്‌കൂളില്‍ ഹാജരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ കണക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കി അവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രവര്‍ത്തന പുരോഗതി അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ വിലയിരുത്തും. വിദ്യാവാഹിനി പദ്ധതിയില്‍ കുട്ടികളെ കോളനികളുടെ അടുത്തുള്ള വിദ്യാലയങ്ങളില്‍ എത്തിക്കുന്നതോടൊപ്പം അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും പരിഗണിക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി സര്‍ക്കാരിലേക്ക് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തിയും യോഗം വിലയിരുത്തി. പട്ടിക വര്‍ഗ്ഗ കോളനികളില്‍ വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് നിലച്ച കുടിവെള്ള പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തെരുവ് വിളക്കുകളും സി.സി.ടിവികളും സ്ഥാപിക്കുന്ന സ്ഥലങ്ങളുടെ ഡ്രോയിംഗ്, സുല്‍ത്താന്‍ ബത്തേരി ചേരംമ്പാടി റോഡിന്റെ സാമ്പത്തികാനുമതി പരിഷ്‌കരണം എന്നിവയും യോഗം ചര്‍ച്ച ചെയ്തു.
മാനന്തവാടി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ റോഡുനിര്‍മ്മാണം, മാനന്തവാടി ചെറുകര പാലത്തിന്റെ നിര്‍മ്മാണം, റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായ മുണ്ടക്കൈ പാലം നിര്‍മ്മാണം, കാക്കവയല്‍ മഠംകുന്ന് കോളനിയിലെ അന്തേവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ എന്നിവയുടെ പുരോഗദിയും യോഗം വിലയിരുത്തി. പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ്, ഗ്രാമ പഞ്ചായത്ത്, ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, സര്‍വേ ടീം ഉള്‍പ്പടെ സംയുക്ത പരിശോധന സെപ്തംബര്‍ 19 നകം നടത്താന്‍ യോഗം നിര്‍ദ്ദേശിച്ചു. ഒളിമ്പ്യന്‍ ടി. ഗോപിക്ക് വീട് വെക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജില്ലയിലെ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. എം.എല്‍.എ മാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും യോഗം വിലയിരുത്തി.
യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.