ആസ്പിരേഷന്‍ വയനാട് ജില്ലയില്‍ റേഷനരി ഇനി പോഷകസമൃദ്ധം

0

 

ആസ്പിരേഷണല്‍ ഡിസ്ട്രിക്ടില്‍ ഉള്‍പ്പെട്ട ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലൂടെയും ഫോര്‍ട്ടിഫൈഡ് അരി വിതരണത്തിനെത്തുന്നു. മട്ട ഒഴികെയുള്ള അരികളായിരിക്കും ഫോര്‍ട്ടിഫൈഡ് ചെയ്ത് പൊതു വിതരണ സംവിധാനം വഴി വിതരണത്തിനെത്തുക. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് നാലിന് കല്‍പ്പറ്റയില്‍ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ആസ്പിരേഷന്‍ ജില്ലയായ വയനാട്ടില്‍ മാത്രമാണ് എല്ലാ കാര്‍ഡുടമകള്‍ക്കും ഫോര്‍ട്ടിഫൈഡ് അരി ലഭ്യമാകുക. നിലവിലൂളള അരിയുടെ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് പൂര്‍ണ്ണമായും ഫോര്‍ട്ടിഫൈഡ് അരി ജില്ലയില്‍ വിതരണം ചെയ്യും.

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രാലയവും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.റേഷന്‍ ഉപഭോക്താക്കളുടെ പോഷകാഹാര സുരക്ഷ ലക്ഷ്യമാക്കിയാണ് പൊതു വിതരണ സംവിധാനത്തിലൂടെ പോഷകാംശങ്ങള്‍ ചേര്‍ത്ത അരി ലഭ്യമാക്കുന്നത്. വിളര്‍ച്ച, വളര്‍ച്ചക്കുറവ്, വിറ്റാമിന്‍ ബിയുടെ കുറവ് മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കുളള പരിഹാരമെന്ന നിലയിലാണ് പോഷാകാംശങ്ങള്‍ ചേര്‍ത്ത അരി നല്‍കുന്നത്. രക്തക്കുറവ് തടയാന്‍ സഹായിക്കുന്ന ഇരുമ്പ്, ഭ്രൂണ വളര്‍ച്ചക്കും രക്തം നിര്‍മ്മിക്കപ്പെടുന്നതിനും സഹായിക്കുന്ന ഫോളിക് ആസിഡ്, നാഡീ വ്യവസ്ഥ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ ബി12 എന്നിവയാണ് ഫോര്‍ട്ടിഫൈഡ് അരിയിലെ പ്രധാന പോഷക ഘടകങ്ങള്‍. ഫോര്‍ട്ടിഫൈഡ് അരി പാചകം ചെയ്യുന്നതിന് പ്രത്യേക രീതി ആവശ്യമില്ല. പാചകം ചെയ്ത ശേഷവും അരി പാചകം ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന സൂക്ഷമ പോഷക നിലവാരം നിലനിര്‍ത്തും.

പ്രധാന ഭക്ഷ്യധാന്യമായ അരി ഫോര്‍ട്ടിഫൈ ചെയ്യുന്നതോടെ പ്രധാനമായും മുതിര്‍ന്നവരുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് ഇ- പോസ് മെഷിനില്‍ മുന്‍ നിശ്ചയിച്ച അളവ് പ്രകാരമായിരിക്കും അരി വിതരണം ചെയ്യുക. ഫോര്‍ട്ടിഫൈഡ് അരിക്ക് പ്രത്യേക തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കില്ല. കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് നേരിടാന്‍ സപ്ലൈകോ മുഖേന മൈക്രോ ന്യൂട്രിയന്റ്സ് അടങ്ങിയ അരി നിലവില്‍ അങ്കണവാടികളിലൂടെയും വിദ്യാലയങ്ങളിലൂടെയും വിതരണം ചെയ്ത് വരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!