റാങ്ക് പട്ടികയിൽ ഉള്ളവരെ പിഎസ്‌സി തഴയുന്നു എന്ന് പരാതി

0

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിടുക്കം കാണിക്കുന്ന സർക്കാർ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ തഴയുന്നുവെന്ന് പരാതി. 2018ലെ  പിഎസ്‌സി എൽഡിവി ഡ്രൈവർ റാങ്ക് പട്ടികയിൽ നിയമനം നടന്നത് കേവലം പത്ത് ശതമാനം മാത്രമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക് ലിസ്റ്റ് കാലാവധി അടുത്ത മാസം അഞ്ചിന് അവസാനിക്കാനിരിക്കെ കാലാവധി ഒരു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല രാപ്പകൽ സമരത്തിലാണ്.

പിഎസ്‌സി പരീക്ഷയ്ക്കൊപ്പം റോഡ് ടെസ്റ്റും എച്ച് ടെസ്റ്റും നടത്തി അതിൽ വിജയിച്ച 4712  പേരുടെ റാങ്ക് ലിസ്റ്റാണ് 2018 ഫെബ്രുവരി 6 ന് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. സർക്കാർ, നിയമന ശുപാർശ നൽകിയത് 748 പേർക്ക്. പട്ടികയിലുൾപ്പെട്ട 3964 പേരുടെ ജോലിയെന്ന സ്വപ്നം ത്രിശങ്കുവിൽ. ഇതേ തസ്തികയിൽ സംസ്ഥാനത്താക്കെ 5000 ത്തോളം പേർ താത്കാലിക അടിസ്ഥനത്തിൽ ജോലി ചെയ്യുന്നതായി  ഉദ്യോഗാർത്ഥികൾ പറയുന്നു. ഇതിനിടെ 51 താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം കോടതി സ്‌റ്റേ ചെയ്തു.

2011 – 15 റാങ്ക് ലിസ്റ്റിൽ  95 ശതമാനം പേർക്കും നിയമന ശുപാർശ ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം 140 പേർക്ക് നിയമന ശുപാർശ ലഭിച്ചു. ആവശ്യമുന്നയിച്ച് സർക്കാർ തലങ്ങളിൽ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. മോട്ടോർ വാഹന വകുപ്പിൽ നിന്നടക്കം എൽ എം വി  തസ്തിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകിയെങ്കിലും അതിനും നടപടി ഉണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല സമരം തുടരാനാണ് ഇവരുടെ തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!