എസ്എസ്എല്‍സിക്ക് നാലുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍, ഫലം മെയ് രണ്ടാം വാരം

0

 

എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച് 9 ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി കൗണ്‍സലിങ് സഹായം നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സൗജന്യമായി 18004252844 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ടോള്‍ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.

 

രാവിലെ 9.30 നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുക. എസ്എസ്എല്‍സി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇപ്രകാരമാണ്.

റഗുലര്‍ വിദ്യാര്‍ത്ഥികള്‍ – 4,19,362

പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ – 192

ഇതില്‍ ആണ്‍കുട്ടികള്‍ – 2,13,801

പെണ്‍കുട്ടികള്‍ – 2,05,561

സര്‍ക്കാര്‍ സ്‌കൂളുകള്‍

ആകെ കുട്ടികള്‍ – 1,40,703

ഇതില്‍ ആണ്‍കുട്ടികള്‍ – 72,031

പെണ്‍കുട്ടികള്‍ – 68,672

എയ്ഡഡ് സ്‌കൂളുകള്‍

ആകെ കുട്ടികള്‍ – 2,51,567

ആണ്‍കുട്ടികള്‍ – 1,27,667

പെണ്‍കുട്ടികള്‍ – 1,23,900

അണ്‍ എയിഡഡ് സ്‌കൂളുകള്‍

ആകെ കുട്ടികള്‍ – 27,092

ആണ്‍കുട്ടികള്‍ – 14,103

പെണ്‍കുട്ടികള്‍ – 12,989

സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

ഐ.റ്റി പരീക്ഷ

എസ്എസ്എല്‍സി പരീക്ഷയുടെ ഭാഗമായ ഐറ്റി പരീക്ഷ 2023 ഫെബ്രുവരി 15 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍

2023 മാര്‍ച്ച് 29 ന് അവസാനിയ്ക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തില്‍ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

ടാബുലേഷന്‍

മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിയ്ക്കും.

റിസള്‍ട്ട് പ്രഖ്യാപനം

ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പരീക്ഷ

ആകെ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്.4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നു. 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നുണ്ട്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും.രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുപത്തി അയ്യായിരം (25,000) അധ്യാപകരുടെ സേവനം മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകള്‍ ആരംഭിക്കും. മൊത്തം മുന്നൂറ്റി എണ്‍പത്തിയൊമ്പത് കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി ഇരുപതും രണ്ടാം വര്‍ഷത്തില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി നാല്‍പതും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകര്‍ വേണ്ടി വരും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണ്ണയ ആരംഭിക്കും.

1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാര്‍ച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും.

പാഠപുസ്തകം വിതരണം

2023 – 24 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഒന്നാം വാല്യം ആകെ രണ്ടു കോടി എണ്‍പത്തിയൊന്ന് ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നല്‍കി. അച്ചടി നിലവില്‍ പുരോഗമിക്കുകയാണ് എന്ന് കെബിപിഎസ് അറിയിച്ചിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിലെ നാല്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി ജില്ലാ ഹബുകളില്‍ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
2023 – 24 അദ്ധ്യയന വര്‍ഷം ആവശ്യമായ ഒന്നാം വാല്യം പാഠപുസ്തകങ്ങള്‍ ആകെ രണ്ട് കോടി തൊണ്ണൂറ് ലക്ഷം പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 25 ന് വൈകുന്നേരം 3.00 മണിക്ക് ആലപ്പുഴയില്‍ നടക്കും.

സ്‌കൂള്‍ യൂണിഫോം വിതരണം

2023 – 24 കൈത്തറി യൂണിഫോം വിതരണം ചെയ്യാന്‍ നൂറ്റി മുപ്പത് കോടി രൂപ ചെലവ് വരും. നാല്‍പത്തി രണ്ട് ലക്ഷം മീറ്റര്‍ തുണിയാണ് ഇതിന് വേണ്ടി വരിക.പത്ത് ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.
മാര്‍ച്ച് 25 ന് രാവിലെ 10.00 മണിക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് വെച്ച് നടക്കും.

*പരീക്ഷാപ്പേടി അകറ്റാന്‍ വി-ഹെല്‍പ്പ് (കുട്ടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍)

ഹയര്‍ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധ തരം സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന്
പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കണ്ടറി വിഭാഗം വി ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം 2023 മാര്‍ച്ച് 3 മുതല്‍ ആരംഭിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ ഫോണില്‍ കൗണ്‍സലിംഗ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ടോള്‍ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്.എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും സൗഹൃദ കോര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് ഒരുക്കിയിട്ടുണ്ട്.സ്‌കൂള്‍ തലത്തില്‍ എല്ലാ പൊതുപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ
സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയര്‍സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെല്‍പ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹൗ ആര്‍ യു

പരീക്ഷാ കാല ആശങ്കകള്‍ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങള്‍ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒരു ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച് 8 മുതല്‍ ആരംഭിക്കുന്നുണ്ട്.
0 4 7 1 2 3 2 0 3 2 3 എന്ന നമ്പറില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാവുന്നതാണ്.
പൊതുപരീക്ഷാ ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകള്‍ ടെലി കൗണ്‍സലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങള്‍ക്ക് രാവിലെ 10.00 മുതല്‍ വൈകുന്നേരം 4.00 മണി വരെ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാവുന്നതാണ്.

പ്രത്യേക പരിപാടി

പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിദഗ്ധര്‍, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി ചിത്രീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. അത് നിങ്ങളുടെ ഓരോരുത്തരുടെയും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി

സോഷ്യല്‍ ഓഡിറ്റ്

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പദ്ധതി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍
തീരുമാനിച്ചിട്ടുണ്ട്. സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി വിവിധ ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കുകയും അതില്‍ നിന്ന് കില-യെ തെരഞ്ഞെടുക്കുകയും ചെയ്തു. ഓരോ ജില്ലയില്‍ നിന്നും 20 സ്‌കൂളുകള്‍ വീതം സംസ്ഥാനത്തെ 14 ജില്ലകളിലായി 280 സ്‌കൂളുകള്‍ തെരഞ്ഞെടുത്താണ് സോഷ്യല്‍ ആഡിറ്റ് നടത്തിയത്.തീരപ്രദേശം, മലമ്പ്രദേശം, ട്രൈബല്‍ ഏരിയ തുടങ്ങിയ മേഖലകളില്‍ കൂടിയുള്ള സ്‌കൂളുകള്‍ ഉള്‍പ്പടുന്നു. ആഡിറ്റ്, സ്‌കൂള്‍ സഭ, പബ്ലിക് ഹിയറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് സോഷ്യല്‍ ആഡിറ്റ് നടത്തപ്പെടുന്നത്. കിലയുടെ ആര്‍.പി മാര്‍ സ്‌കൂളുകളില്‍ എത്തി ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി, ഈ രക്ഷിതാക്കള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും ഭൗതിക സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട്
തയ്യാറാക്കി സ്‌കൂള്‍ സഭകളില്‍ അവതരിപ്പിച്ച് പാസാക്കുന്നു. ആഡിറ്റ് നടന്ന 5 സ്‌കൂളുകള്‍ ഒരു ക്ലസ്റ്ററായി തിരിച്ച് ഒരു ക്ലസ്റ്ററിന് ഒരു പബ്ലിക് ഹിയറിംഗ് എന്ന രീതിയില്‍ പബ്ലിക് മീറ്റിംഗുകള്‍ നടത്തുന്നു. ഈ മീറ്റിംഗുകളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ എം.എല്‍.എ മാര്‍ വരെയുള്ള ജന പ്രതിനിധികളും, ആരോഗ്യം, കൃഷി, സപ്ലൈക്കോ, എഫ്.സി.ഐ, ഫുഡ് സേഫ്റ്റി തുടങ്ങി വിവിധ വകുപ്പിലെ പ്രതിനിധികളും പങ്കെടുക്കുകയും പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്നു വന്ന ഉച്ചഭക്ഷണ സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നു.

ഇതിലൂടെ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയെ പറ്റി രക്ഷിതാക്കള്‍ക്കും പൊതു ജനങ്ങള്‍ക്കും മെച്ചപ്പെട്ട അറിവു ലഭിക്കുകയും തങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കേണ്ട അളവിലും ഗുണത്തിലും ഈ പദ്ധതിയുടെ ഗുണങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുകയും ചെയ്യുന്നു. 2023 ജനുവരി 23 മുതല്‍ ആരംഭിച്ച സോഷ്യല്‍ ആഡിറ്റ് 12 ജില്ലകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാര്‍ച്ച് പത്തോടെ ഈ വര്‍ഷത്തെ സോഷ്യല്‍ ആഡിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള തീവ്രശ്രമം പൊതുവിദ്യാഭ്യാസ വകുപ്പും കിലയും ചേര്‍ന്ന് നടത്തി വരുന്നു.

കുട്ടികള്‍ക്ക് 5 കിലോഗ്രാം അരി വീതം നല്‍കുന്നത്

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മദ്ധ്യവേനല്‍ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മാസം ഇരുപതാം തീയതി മുതല്‍ അരി വിതരണം ആരംഭിക്കുന്നതാണ്.

സ്‌കൂളുകളിലെ അടുക്കള പച്ചക്കറിത്തോട്ടം

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ നവംബര്‍ മാസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സ്ഥലമില്ലാത്ത സ്‌കൂളുകളില്‍ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുവാനും അതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു.

കുട്ടികളില്‍ കൃഷിയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും ലഭിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്, കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും അദ്ധ്യാപകരുടേയും ഇടയില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,037 സ്‌കൂളുകളില്‍ 10,583 സ്‌കൂളുകളില്‍ (87 ശതമാനം) അടുക്കളപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്.

ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചിട്ടുണ്ട്. ഇടുക്കി,കണ്ണൂര്‍ എന്നീ ജില്ലകളിലെ 5 സ്‌കൂളുകളില്‍ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികള്‍ വില്‍ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. മധ്യവേനലവധിക്കാലത്ത് ഈ പച്ചക്കറിത്തോട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും അടുത്ത വര്‍ഷം മുതല്‍ കൃഷി വകുപ്പിന്റേയും തദ്ദേശ വകുപ്പിന്റേയും പ്രാദേശിക കര്‍ഷക സമൂഹത്തിന്റെയും പിന്തുണയോടും സഹകരണത്തോടും എല്ലാ സ്‌കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനും അത് വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!