കറവ പശുവിനെ ആക്രമിച്ചത് ഇന്ന് രാവിലെ 11ന്. ആഴ്ച്ചകള്‍ക്ക് മുന്‍പ് കടുവ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്തു തന്നെയായാണ് വീണ്ടും കടുവ പശുവിനെ ആക്രമിച്ചത്. കടുവ തുരത്തുന്നതിന് നടപടിയുണ്ടാവാത്തതില്‍ പ്രധിഷേധിച്ച് ദേശീയ പാത ഉപരോധമടക്കമുള്ള സമരത്തിനൊരുങ്ങി കര്‍ഷകര്‍.
മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ മൈലമ്പാടി പ്രദേശത്ത് ആഴ്ച്ചകളായി കടുവ ഭീതി തുടരുകയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് പൂളക്കടവ് മണ്ഡക വയലിലെ ബാലകൃഷ്ണന്റെ കറവ പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. വീടിന് സമീപത്തും നിന്നും 200 മീറ്റര്‍ മാറിയുള്ള സ്ഥലത്താണ് പശുവിനെ കെട്ടിയിരുന്നത്. 2 പശുക്കളെ കെട്ടിയിരുന്നിടത്ത് നിന്ന് ഒരു പശു വീട്ടിലേക്ക് ഓടി വന്നതിനെ തുടര്‍ന്ന് ബാലകൃഷ്ണന്‍ മറ്റെപശുവിനെ തേടിപ്പോയപ്പോഴാണ് പശു വീണ് കിടക്കുന്നതും സമീപത്ത് കടുവയുടെ കാല്‍പ്പാടുകളും കണ്ടത്. പശുവിന്റെ ഇടത്തേ കയ്യില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
കേണിച്ചിറ സീനിയര്‍ വെറ്റിനറി സര്‍ജന്‍ സജി ജോസഫ്, വനം വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കഴിഞ്ഞയാഴ്ചയാണ് കടുവ ഈ പ്രദേശത്തെ റോഡിലൂടെ സഞ്ചരിക്കുന്ന സി.സി. ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. തൊട്ടടുത്ത പ്രദേശമായ എ.കെ ജംഗ്ഷനില്‍ കടക്കല്‍ ബാബു വിന്റെ 10 മാസം പ്രായമായ പശു കിടാവിനെയും 2 ദിവസം മുന്‍പ് വന്യമൃഗം ആക്രമിച്ചു കൊന്നിരുന്നു. ക്ഷീരകര്‍ഷകരായ കുടുംബങ്ങളുടെ ദൈനംദിന ജീവിതമാണ് ഇതോടെ പ്രതി സന്ധിയിലായത്.ക്ഷീരകര്‍ഷര്‍ക്ക് പകല്‍ സമയത്ത് പുല്ലരിയാന്‍ പോലും തോട്ടങ്ങളിലിറങ്ങാന്‍ പേടിയാണ്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ കടുവയെ പിടികൂടുന്നതിന് വേണ്ട നടപടികള്‍ മാത്രം ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.പ്രദേശത്തുകാര്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ക്യാമറ ട്രാപ്പുകള്‍ വച്ച് കടുവയെ നിരീക്ഷിക്കുകയും പ്രദേശത്ത് കൂടുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നുമാണ് വനം വകുപ്പ് പറയുന്നത്.