വയനാട്ടിലെ തനതു വിള വൈവിധ്യം സംരക്ഷിക്കുന്നതിന് ശുപാര്‍ശ നല്‍കും: വനിതാ കമ്മീഷന്‍

0

വയനാട്ടിലെ തനതു കാര്‍ഷിക വിള വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി. തിരുനെല്ലി ഇരുമ്പുപാലത്ത് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 10 കുടുംബശ്രീ വനിതകള്‍ നടത്തുന്ന കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം നൂറാങ്ക് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.

നൂറാങ്ക് കൃഷി സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. തനതു കാര്‍ഷിക വിളകള്‍ നാടിന്റെ അമൂല്യമായ സമ്പത്താണ്. ഇത് വരും തലമുറയ്ക്കായി സംരക്ഷിക്കപ്പെടുകയും ഇവ സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയും വേണം. വയനാട്ടിലെ തനത് കാര്‍ഷിക വിളകളെയും സംസ്‌കാരത്തെയും സംരക്ഷിക്കുന്നതിന് പദ്ധതി നടപ്പാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. തനതുവിളകളെ കുറിച്ചും കൃഷി രീതി, ലഭിക്കുന്ന സഹായങ്ങള്‍, ഉപയോഗിക്കുന്ന വളങ്ങള്‍, പിന്‍ തുടരുന്ന കാര്‍ഷിക രീതികള്‍, വിപണനം, മൃഗങ്ങളുടെ ശല്യം, തുടങ്ങിയ വിവരങ്ങള്‍ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കൃഷി സംഘത്തില്‍ നിന്നും ചോദിച്ചു മനസിലാക്കി. മനോഹരവും ശാസ്ത്രീയവുമായ രീതിയില്‍ കൃഷിയിടം പരിപാലിക്കുന്നതിന് കൃഷി സംഘത്തെ കമ്മീഷന്‍ അംഗങ്ങള്‍ അഭിനന്ദിച്ചു. വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി. വത്സലകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റുഖിയ തുടങ്ങിയവര്‍ ഒപ്പുമുണ്ടായിരുന്നു.

വയനാട് കുടുംബശ്രീ മിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി പ്രകാരമാണ് നൂറാങ്ക് കിഴങ്ങ് വൈവിധ്യ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത.് പ്രസിഡന്റ് സുനിത, സെക്രട്ടറി ശരണ്യ എന്നിവരുടെ നേതൃത്വത്തില്‍ ശാന്ത മനോഹരന്‍, ശാന്ത നാരായണന്‍, റാണി, സരസു, കമല, ബിന്ദു, ശാരദ, ലക്ഷ്മി എന്നവര്‍ ഉള്‍പ്പെടുന്ന 10 അംഗ സംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 75 സെന്റ് സ്ഥലത്ത് 180 തരം കിഴങ്ങുകളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. 16 ഇനം കാച്ചില്‍, 17 ഇനം മഞ്ഞള്‍, എട്ട് ഇനം മധുരകിഴങ്ങ്, ആറ് ഇനം ചേമ്പ്, നാല് ഇനം ചേന, കൂവ, കൂര്‍ക്ക, ചേമ്പ്, നൂറാങ്ക് ഉള്‍പ്പെടെ വിവിധ ഇനം കിഴങ്ങ് വര്‍ഗങ്ങളും മുളക്, കാന്താരി, ചീര, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കുടുംബശ്രീയുടെ വിപണന കേന്ദ്രം, വിവിധ മേളകള്‍ എന്നിവയ്ക്കു പുറമേ കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് നേരിട്ടും കാര്‍ഷിക വിളകള്‍ വിപണനം ചെയ്യുന്നുണ്ട്. പത്തംഗ സംഘത്തിലെ എല്ലാവരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ദിവസവും രണ്ടു പേര്‍ വീതം നൂറാങ്ക് കൃഷിയിടത്തിലെ കൃഷിപ്പണികള്‍ ചെയ്യും. വയനാടിന്റെ തനതു വിളകളെ സംരക്ഷിക്കണമെന്ന ആഗ്രഹത്തിലാണ് പത്തംഗ സംഘം നൂറാങ്ക് എന്ന പേരില്‍ സംരക്ഷണ കേന്ദ്രം ഒരുക്കിയത്. തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയ്‌ക്കൊപ്പം കുടുംബശ്രീ എന്‍ആര്‍എല്‍എം കോര്‍ഡിനേറ്റര്‍ സായി കൃഷ്ണ, കൃഷി ഓഫീസര്‍ ശരണ്യ എന്നിവരും നൂറാങ്ക് കൃഷി സംഘത്തിന് സഹായമേകുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!