മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

0

84,600 പേജ് ഉള്ളതാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി വി.വി ബെന്നിയാണ് ബത്തേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. അഗസ്റ്റിന്‍ സഹോദരന്മാരും വില്ലേജ് ഓഫീസറും സെപെഷ്യല്‍ വില്ലേജ് ഓഫീസറുമടക്കം 12 പ്രതികളാണ് കേസിലുള്ളത്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന ,വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മരത്തിന്റെ ഡി.എന്‍.എ എടുത്തുളള ഇന്ത്യയിലെ ആദ്യത്തെ കേസന്വേഷണമാണ് ഇത്.

റവന്യൂ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിനെ പിന്‍പറ്റി നടന്ന മുട്ടില്‍ ഈട്ടി മരം മുറികേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഗസ്റ്റിന്‍ സഹോദരന്‍മാരായ റോജി, ആന്റോ, ജോസൂട്ടിഎന്നിവര്‍ക്കൊപ്പം അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസര്‍ ആയിരുന്ന കെ.കെ അജി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരും പ്രതികളാണ്. അഗസ്റ്റിന്‍ സഹോദരന്മാരുടെ ഡ്രൈവര്‍ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ , സുരേഷ്, അബൂബക്കര്‍ , നാസര്‍ , രവി , മനോജ് എന്നിവരും പ്രതിപട്ടികയില്‍ ഉണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, ഗൂഡലോചന അടക്കം കുറ്റങ്ങള്‍ ആണ് ചുമത്തിയിട്ടുള്ളത്. ഏഴുവര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്.

420 സാക്ഷികളെയാണ് അന്വേഷണ സംഘം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റവന്യൂ വകുപ്പിന്റെ കെഎല്‍സി നടപടികള്‍ക്ക് ശേഷം അനുബന്ധമായുള്ള 42 കുറ്റപത്രങ്ങളും സമര്‍പ്പിക്കും. മരങ്ങളുടെ ഡിഎന്‍എ പരിശോധന ക്രിമിനല്‍ കേസില്‍ ആദ്യമായാണ് രാജ്യത്തെ നടത്തുന്നത് എന്ന പ്രത്യേകതയും മുട്ടില്‍ മരം മുറി കേസിനുണ്ട്. അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈട്ടി മരങ്ങളും മുറിച്ചു കടത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഎന്‍എ പരിശോധന ഫലം കേസില്‍ നിര്‍ണായക തെളിവാകും. സര്‍ക്കാറില്‍ നിക്ഷിപ്തമായ 104 ഈട്ടിമരങ്ങളാണ് മുറിച്ച് കടത്തിയത്. സര്‍ക്കാരില്‍ നിക്ഷിപ്തമായ മരങ്ങള്‍ മുറിക്കരുതെന്ന് ധാരണയുള്ളവരാണ് പ്രതികള്‍ എന്നും മരം മുറിക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!