വീണ്ടും ചര്‍ച്ചയായി കടമാന്‍ തോട്

0

വേനല്‍ ശക്തമായതോടെ കടമാന്‍തോട് പദ്ധതി വീണ്ടും ചര്‍ച്ചയാവുന്നു.ജലവിഭവ മന്ത്രിയുടെ വയനാട് സന്ദര്‍ശനത്തില്‍ കടമാന്‍തോട് പദ്ധതി സംബന്ധിച്ചു വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കാര്യമായി ഒന്നുമുണ്ടായില്ല.ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കടമാന്‍തോട് പദ്ധതിയും പരാമര്‍ശിച്ചിരുന്നു. കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തുന്നതിന് കടമാന്‍തോട്, തോണ്ടാര്‍ പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.എന്നാല്‍ കടമാന്‍തോട് സംബന്ധിച്ച് ഇതുവരെ വ്യക്തയൊന്നുമായിട്ടില്ല.പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ, വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ജലസേചനം നടത്താനോ നടപടിയില്ല.

വ്യാഴാഴ്ച കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും കടമാന്‍തോട്പദ്ധതി സംബന്ധിച്ചു വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല. ജനങ്ങളുടെ എതിര്‍പ്പുണ്ടെന്ന വാദത്തിലുടക്കി കടമാന്‍തോട് ചര്‍ച്ച ഇതിനകം വഴിമാറി കഴിഞ്ഞു. മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കുമെന്നും ജനാഭിപ്രായം തേടാമെന്നുമെല്ലാം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പുല്‍പ്പള്ളി ടൗണില്‍ സ്വകാര്യ സ്ഥാപന ഉദ്ഘാടനത്തിനെത്തിയ മന്ത്രി 500 മീറ്റര്‍ മാത്രം അകലെയുള്ള ആനപ്പാറയിലെ പദ്ധതി സ്ഥലം സന്ദര്‍ശിക്കാത്തതും ശ്രദ്ധേയമായി.

കടമാന്‍തോട് പദ്ധതി രാഷ്ട്രീയ കളിക്കു മാത്രമായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആയുധമാണ് കടമാന്‍തോട്. ആനപ്പാറയില്‍ അണകെട്ടി മുള്ളന്‍കൊല്ലി പഞ്ചായത്തിലേക്ക് ജലസേചനം നടത്താനും, വേനല്‍കാലത്ത് കന്നാരം പുഴ മാതളംപറ്റ തോടുകളിലേക്കു വെള്ളം പമ്പ് ചെയ്തും, പുല്‍പ്പള്ളി മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ വെള്ളമെത്തിക്കുകയാണുമാണ് ലക്ഷ്യം.

പദ്ധതി സംബന്ധിച്ച വ്യക്തതയില്ലാത്തതിനാല്‍ ഇതിന്റെ സര്‍വേ നടത്താനും സാധിക്കാതായി.പദ്ധതി വിശദാംശങ്ങള്‍ ജനങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കാനോ ഇതിനായി യോഗം ചേരാനോ ആരും മുന്‍കൈയെടുക്കുന്നില്ല. പരസ്പരം പഴിചാരി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെയും കബളിപ്പിക്കുന്ന അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!