ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുടര്‍ച്ചയായ നാല് ദിവസം കേരളത്തില്‍ മഴ അനുഭവപ്പെടുന്നതാണ്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
വടക്കന്‍ ത്രിപുരയ്ക്ക് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ഇതിനോടകം ദുര്‍ബലമായിട്ടുണ്ട്. എന്നാല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കയ്ക്കും മുകളില്‍ ഇപ്പോഴും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കൂടാതെ, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും ഉണ്ട്. ഇതിനെ തുടര്‍ന്നാണ് വീണ്ടും മഴ കനക്കുന്നത്. മഴയ്‌ക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.