സംസ്ഥാനത്ത് കൂടുതൽ മദ്യവിൽപനശാലകൾ; ബെവ്കോയുടെ ശുപാർശ അംഗീകരിച്ചേക്കും

0

സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്‍പനശാലകള്‍ തുടങ്ങാനുള്ള ബെവ്‌കോയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചേക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 175 മദ്യശാലകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ശുപാര്‍ശ. ഫ്രൂട്ട് വൈന്‍ പദ്ധതിയും ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും മദ്യനയത്തില്‍ ഉള്‍പെടുത്തിയേക്കും. നിലവിലുള്ള മദ്യശാലകളില്‍ തിരക്കുകൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബെവ്‌കോയുടെ ശുപാര്‍ശ.

നഗരസഭാ പ്രദേശങ്ങളിലെ തിരക്കുള്ള മദ്യശാലകള്‍ക്ക് സമീപത്തും 20 കിലോമീറ്ററിലധികം ദൂരത്തില്‍ മാത്രം ഔട്‌ലറ്റുകളുള്ള സ്ഥലത്തും ടൂറിസം കേന്ദ്രങ്ങളിലുമുള്‍പ്പടെ പുതിയ മദ്യവില്പന ശാലകള്‍ തുടങ്ങണം. തിരുവനന്തപുരം കോഴിക്കോട് കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി പെയ്ഡ് ആയും വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഇത്തരത്തില്‍ 6വിഭാഗം സ്ഥലങ്ങളില്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയില്‍ അനുകൂലസമീപനമാണ് സര്‍ക്കാരിനുള്ളത്. കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീഞ്ഞ് ഉല്പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതിയും മദ്യനയത്തില്‍ പ്രഖ്യാപിച്ചേക്കും.

സര്‍ക്കാര്‍ മേഖലയിലാകും ഇതിന്റെ നിര്‍മാണം. ഇതിനുപുറമെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ആരംഭിക്കുന്നതും പുതിയ മദ്യനയത്തില്‍ ഉള്‍പെടും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കും. ഏപ്രിലില്‍ പ്രബല്യത്തിലാകുന്ന പുതിയ മദ്യനയത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!