ഭാര്യയെ അടിച്ച് കൊന്ന സംഭവം; ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

0

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ അടിച്ചു കൊന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പുറത്തുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും അടിയേറ്റതിന്റെ പാടുകളുണ്ട്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. മരണം കൊലപാതകമാണെന്ന് വ്യക്തമായതോടെയാണ് സംഭവത്തില്‍ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത അമ്മിണിയുടെ ഭര്‍ത്താവ് ബാബു (58) വിന്റെ ശനിയാഴ്ച വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ വ്യാഴാഴ്ച രാത്രിമുഴുവന്‍ വഴക്കായിരുന്നു. വീട്ടില്‍നിന്നും ബഹളം കേട്ടിരുന്നെങ്കിലും, അമ്മിണിയും ബാബുവും സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാല്‍ സമീപവാസികളാരും ഇത് കാര്യമാക്കിയിരുന്നില്ല. വഴക്കിനിടെ ബാബു വിറക് എടുത്ത് തലയിലും ദേഹത്തും അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ അമ്മിണി പ്രതികരിക്കാതായതോടെയാണ് ബാബു ഇരുളത്ത് താമസിക്കുന്ന മകന്‍ ബിജുവിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നുമായിരുന്നു ബാബു പറഞ്ഞത്. ഇതുപ്രകാരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍തന്നെ ബാബുവിനെ കസ്റ്റഡിയിലെടുത്തു. എസ്.ഐ. സി.ആര്‍. മനോജ് ,എസ് ഐ ഷാജഹാന്‍എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!