ഡിജിറ്റല്‍ സര്‍വ്വേ പരിശീലനം നടത്തി
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും വിവരശേഖരണത്തിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. 2010-ല്‍ കിലയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വേ പ്രകാരം ക്രോഡീകരിച്ച വിവരങ്ങളാണ് വിവിധ പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗിക്കുന്നത്. ഇതിനെ പരിഷ്‌കരിക്കുകയാണ് സര്‍വ്വെയുടെ ലക്ഷ്യം.
നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വേയിലൂടെയുള്ള വിവരങ്ങള്‍ പദ്ധതി ആസൂത്രണത്തിന് പിന്തുണയാകും. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.മനോഹരന്‍, അസി.ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജി.ശ്രീകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എ.പി.നിര്‍മ്മല്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അനീഷ് ജോസ് ഡിജിറ്റല്‍ സര്‍വ്വേ പരിശീലനം നല്‍കി.