താരരാജാവിനെ കാണാന്‍ കാടിറങ്ങി ആദിവാസി മൂപ്പന്‍മാരും സംഘവും.

0

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ ആദിവാസി മൂപ്പന്‍മാരും സംഘവും പുല്‍പ്പള്ളി മടാപ്പറമ്പിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി.കേരള – കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍കാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയില്‍ നിന്നാണ് മൂപ്പന്‍മാരായ ശേഖരന്‍ പണിയ, ദെണ്ടുകന്‍ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആദിവാസി സഹോദരങ്ങള്‍ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയാണ് മമ്മുട്ടി മൂപ്പനും സംഘത്തിനും സ്വീകരണം നല്‍കിയത്.

അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫൌണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിക്കുകയും ഓരോ വീടുകളില്‍ എത്തി കോളനി നിവാസികളായ മറ്റെല്ലാവര്‍ക്കും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂര്‍വികം പദ്ധതിയുടെ ഭാഗമായാണ് വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ചടങ്ങില്‍ ഡി. എഫ്. ഓ സജ്ന. എ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പി. അബ്ദുള്‍ സമദ്, മറ്റു ഫോറസ്റ്റ് അധികൃതരും പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!