ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ആത്മവിശ്വാസത്തിലാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും.രോഹിതിന്റെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നാവും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ശ്രേയാസ് അയ്യര്‍ പരുക്കേറ്റ് പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറിലും കളിക്കും. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ശാര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, ജയദേവ് ഉനദ്കട്ട് എന്നിവരില്‍ ഒരാളാവും മൂന്നാം പേസര്‍. ബാറ്റിംഗ് കൂടി പരിഗണിച്ച് താക്കൂറിനാണ് സാധ്യത കൂടുതല്‍. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും.മറുവശത്ത് പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുക. ഷോണ്‍ ആബട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാവും സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍, കാമറൂണ്‍ ഗ്രീനൊപ്പം മിച്ചല്‍ മാര്‍ഷോ മാര്‍ക്കസ് സ്റ്റോയിനിസോ ഓള്‍റൗണ്ടറായി കളിക്കും. ആദം സാമ്പയാവും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.മാര്‍ച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.ഐപിഎലിനു മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര പരമ്പരയാണ് ഇത്. പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളിലെയും താരങ്ങള്‍ അതാത് ടീമുകളില്‍ ചേരും. മൂന്ന് സീസണുകള്‍ക്ക് ശേഷം ഹോം, എവേ ഫോര്‍മാറ്റിലേക്ക് മത്സരങ്ങള്‍ തിരികെയെത്തുന്ന ഐപിഎല്‍ സീസണാണ് ഇത്. ഈ മാസം 31നാണ് ഐപിഎല്‍ ആരംഭിക്കുക.