നാലുപതിറ്റാണ്ടായി റോഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നെന്‍മേനി പഞ്ചായത്തിലെ വലിയമൂല നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. അമ്പുകുത്തി-സ്‌കൂള്‍ കുന്നുമുതല്‍ വലിയമൂല കോളനിവരെയുളള ഒന്നരക്കിലോമീറ്ററോളം റോഡാണ് സോളിങ് പോലും നടത്താത്തത്. മഴക്കാലത്ത് കാല്‍നടപോലും അസാധ്യമായ റോഡ് നന്നാക്കത്തതിനാല്‍ നാല്‍പ്പതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.നെന്‍മേനി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ഉള്‍പ്പെട്ട റോഡാണിത്. ഏതാണ്ട് രണ്ടു കിലോമീറ്റര്‍ ദൂരം. മൂന്നരപ്പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച റോഡിന്റെ തുടക്കത്തില്‍ കുറച്ചുഭാഗം മാത്രമാണ് ടാറിങുളളത്. കുറച്ചുദൂരം സോളിങ് പതിച്ചിട്ടുണ്ട്. പിന്നെയങ്ങോട്ട് മണ്‍പാതയാണ്. ചെറിയൊരു മഴപെയ്താല്‍ ഈ പ്രദേശത്തെ നാല്‍പ്പതോളം കുടുംബങ്ങളുടെ യാത്ര ദുരിതത്തിലാകും. വാഹനങ്ങള്‍ ഈവഴി വരാറില്ല. പ്രായമായവരെ ചുമലിലെടുത്ത് വാഹനമെത്തുന്നിടത്ത് കൊണ്ടുവരണം.
കുട്ടികള്‍ക്ക് സ്‌കൂളില്‍പോകാന്‍ ചെളി നീന്തിക്കടക്കണം. ദുരിതംനിറഞ്ഞ പല മഴക്കാലങ്ങള്‍ പിന്നിട്ടു. അധികൃതര്‍ക്കുമുമ്പില്‍ റോഡിനുവേണ്ടി കൈനീട്ടി മടുത്തു. ഇനി സമരമല്ലാതെ മാര്‍ഗമില്ല.വലിയമൂല കോളനിയിലെ ഏഴുകുടുംബങ്ങളില്‍ താമസക്കാരേറെയും പ്രായമായവരാണ്. കോളനിവരെ നീളുന്ന വഴിക്കായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കിയെങ്കിലും റോഡ് യാഥാര്‍ത്ഥ്യമായില്ല. മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതിവേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
നീലി അമ്മയെപ്പോലെ, റോഡിനെയോര്‍ത്ത് കരയുന്നവരാണ് വലിയമൂലയിലെ പ്രായമായവരില്‍ ഏറെയും. അസുഖം വന്നാല്‍ ചികിത്സകിട്ടാതെ മരിക്കേണ്ടിവരുമെന്ന ഭയമാണിവര്‍ക്ക്. ഇനിയൊരു മഴക്കാലംകൂടി കഴിച്ചുകൂട്ടാമെന്ന ധൈര്യമവര്‍ക്കില്ല. അതുകൊണ്ട് അധികൃതരുടെ ശ്രദ്ധയെത്തുംവരെ സമരം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളള പ്രദേശവാസികള്‍.