മാലിന്യങ്ങള്‍ വലിച്ചെറിയേണ്ട; വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി

0

നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ടൗണ്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കണിയാമ്പറ്റ ടൗണ്‍ പരിസരം ഹരിത കേരളം, ശുചിത്വമിഷന്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.’വൃത്തിയുളള നവകേരളം’ എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാര്‍ഹിക-സ്ഥാപനതല-ജൈവ/ ദ്രവ മാലിന്യ സംസ്‌കരണം വ്യാപിപ്പിക്കല്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തല്‍, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കല്‍, മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നീ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു പൊതു ഇടം കണ്ടെത്തി ശുചീകരിച്ചുകൊണ്ടാണ് തദ്ദേശ സ്ഥാപനതല ക്യാമ്പയിനിന് തുടക്കമിടുന്നത്. തുടര്‍ന്ന് ജനുവരി 30 വരെ ഓരോ വാര്‍ഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും. മാലിന്യ കൂനകള്‍ ഉണ്ടെങ്കില്‍ അതും നീക്കം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും. ശുചീകരണത്തിന് ശേഷം ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. കൂടാതെ വൃത്തിയാക്കുന്ന പൊതു ഇടങ്ങള്‍ ആ പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗന്ദര്യവത്കരിക്കുകയും ചെയ്യും. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി.എന്‍ സുമ, നജീബ് കരണി, കെ. കുഞ്ഞായിഷ, മെമ്പര്‍മാരായ ലത്തീഫ് മേമാടന്‍, സരിത മണികണ്ഠന്‍, സലിജ ഉണ്ണി, നൂര്‍ഷ ചേനോത്ത്, ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, താരീഖ് കടവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!