ആശ്വാസമേകി അദാലത്ത്; തീര്‍പ്പാക്കിയത് 171 വായ്പ കുടിശ്ശിക കേസുകള്‍

0
കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടന്ന റവന്യൂ റിക്കവറി കുടിശ്ശിക നിവാരണ അദാലത്തില്‍ തീര്‍പ്പാക്കിയത് 171 വായ്പാ കുടിശ്ശിക കേസുകള്‍. ജില്ലയിലെ വിവിധ ബാങ്കുകളില്‍ വായ്പ കുടിശ്ശികയായി ഉണ്ടായിരുന്ന 7.93 കോടി രൂപയില്‍ ഏകദേശം 3.70 കോടി രൂപയോളം രൂപയുടെ ആശ്വാസം വായ്പക്കാര്‍ക്ക് മേളയിലൂടെ ലഭിച്ചു.  മൂന്ന് മാസത്തിനകം 4.21 കോടി രൂപയുടെ തിരിച്ചടവ് വ്യവസ്ഥ ഉറപ്പാക്കിയാണ് ബാങ്കുകള്‍  കുടിശ്ശിക നിവാരണം നടത്തിയത്. വെത്തിരി താലൂക്കിലെ 18 വില്ലേജുകളുടെ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി  രണ്ട് ദിവസങ്ങളിലായി നടന്ന  അദാലത്തില്‍ ആകെ 288 പേര്‍ പങ്കെടുത്തു.

അദാലത്ത് ജനോപകാരപ്രദമാണെന്നും വരും ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ നടക്കുന്ന അദാലത്തില്‍ സജീവ പങ്കാളിത്തമുണ്ടാകണമെന്നും ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. എ.ഡി.എം എന്‍.ഐ ഷാജു , ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍ എ.കെ, തുടങ്ങിയിവര്‍ക്കൊപ്പമാണ്  കളക്ടര്‍ അദാലത്ത് സന്ദര്‍ശിച്ചത്.  ജില്ലയിലെ വിവിധ ബാങ്കുകളിലെ റവന്യൂ റിക്കവറി കുടിശ്ശിക നിവാരണത്തിനായി ബാങ്കുകളും  റവന്യുവകുപ്പും സംയുക്തമായി താലൂക്ക്തലങ്ങളിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.
ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍ സുനില്‍ അദാലത്തിന് നേതൃത്വം നല്‍കി.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ 15 വില്ലേജുകളുടെ അദാലത്ത് മാര്‍ച്ച് 7, 8 തീയ്യതികളില്‍ പുല്‍പ്പള്ളി പഞ്ചായത്ത് ഹാളിലും 10, 11 തീയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും നടക്കും. മാനന്തവാടി താലൂക്കിലെ 16 വില്ലേജുകളുടെ അദാലത്ത് മാര്‍ച്ച് 10 ന് മാനന്തവാടി സെന്റ് ജോര്‍ജ്ജ് സണ്‍ഡേ സ്‌കൂള്‍ ഹാളിലാണ്  നടക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!