തൊഴിലില്ലായ്മക്ക്  കാരണം  സ്‌കില്‍ ഗ്യാപ്:മന്ത്രി ആര്‍ ബിന്ദു 

0

തൊഴിലിനും വിദ്യാഭ്യാസത്തിനുമിടയിലുള്ള സ്‌കില്‍ ഗ്യാപാണ് സമൂഹത്തിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മക്ക് കാരണമെന്ന് മന്ത്രി ആര്‍.ബിന്ദു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കരിയര്‍ കാരവന്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലയില്‍ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുന്നതിനായി ജില്ലാ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായാണ് മീനങ്ങാടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കരിയര്‍ കാരവന്‍ പദ്ധതിയും നടപ്പില്‍ വരുത്തുന്നത്. തങ്ങളുടെ അഭിരുചിക്കൊത്ത് കുട്ടികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ഇത്തരം പദ്ധതികളെ മന്ത്രി ഉല്‍ഘാടന യോഗത്തില്‍ പ്രശംസിച്ചു. അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനുമിടയിലുള്ള സ്‌കില്‍ ഗ്യാപാണ് കാരണമെന്നും മന്ത്രി പറഞ്ഞു.

പരിശീലനം സിദ്ധിച്ച 16 അധ്യാപകര്‍ വാഹനത്തില്‍ ഘടിപ്പിച്ച ഡിസ്‌പ്ലേ സംവിധാനത്തിലൂടെ കരിയര്‍ ക്ലാസുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവയെല്ലാം പരിചയപ്പെടുത്തും.കാരവനോടൊപ്പം കുട്ടികളുടെ സംശയ നിവാരണത്തിനായി വിദഗ്ദ സംഘവുമുണ്ടാവും. ജനുവരി 26 മുതല്‍ ഫെബ്രുവരി 13 വരെ ജില്ലയിലെ 69 ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൂടെ കരിയര്‍ കാരവന്‍ പ്രയാണം നടത്തും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്കുമെല്ലാം പദ്ധതിയിലൂടെ വിദഗ്ദ പരിശീലനം നല്‍കും. തൊഴിലും വിദ്യാഭ്യാസവും സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റും കൂടിച്ചേരുമ്പോള്‍ ഓരോ കുട്ടിക്കും ആത്മവിശ്വാസത്തോടെ തൊഴിലിലേക്കെത്തിച്ചേരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ അസൈനാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍, ഹയര്‍ സെക്കന്ററി ജില്ലാ കോഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!