ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് കിരീടം.
ഫൈനലില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശില്‍പ്പികള്‍. ചരിത്രത്തില്‍ ഒരേസമയം ടി20, ഏകദിന ലോക ടൈറ്റില്‍സ് സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.ബെന്‍ സ്റ്റോക്സ്, സാം കുറാന്‍, ആദില്‍ റഷീദ് എന്നിവരായിരുന്നു ഫൈനലിലെ താരങ്ങള്‍. പാക്ക് ബൗളര്‍മാരുടെ തീ തുപ്പും പന്തുകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന സ്റ്റോക്‌സ് ടി20 ഐ ക്രിക്കറ്റിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറി രേഖപ്പെടുത്തി. 49 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി20യില്‍ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ചാമ്പ്യന്മാരാകുന്നത്. ഇതിന് മുമ്പ് 2010ലും ടീം ടി20 ചാമ്പ്യന്മാരായി.പാകിസ്ഥാന്‍ കഠിനമായി പൊരുതിയെങ്കിലും സ്ലോഗ് ഓവറുകളില്‍ ഷഹീന്‍ അഫ്രീദി പരുക്ക് മൂലം പിന്മാറിയത് തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 8 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ ഇംഗ്ലണ്ട് തളച്ചു. പാക്ക് നിരയില്‍ ഷാന്‍ മസൂദ് (28 പന്തില്‍ 38), ക്യാപ്റ്റന്‍ ബാബര്‍ അസം (28പന്തില്‍ 32), ഷദാബ് ഖാന്‍ (14 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ചെറുത്തുനിന്നത്. മുഹമ്മദ് റിസ്‌വാന്‍ (14 പന്തില്‍ 15) ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. ഇന്നിങ്‌സില്‍ മൊത്തം പിറന്നത് രണ്ടു സിക്‌സറുകള്‍ മാത്രം.നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത സാം കറനും 22 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദുമാണ് ഇംഗ്ലീഷ് ബൗളിങ്ങില്‍ തിളങ്ങിയത്. ക്രിസ് ജോര്‍ഡാന്‍ 27 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.