സ്‌കൂളുകളുടെ പരസ്യബോര്‍ഡുകളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണം; ബാലാവകാശ കമ്മീഷന്‍

0

വിദ്യാര്‍ത്ഥികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന തരത്തില്‍ കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഫ്ളക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും ഒഴിവാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ സി വിജയകുമാര്‍, പി പി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടിയുടെ റിപ്പോര്‍ട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചട്ടം 45 പ്രകാരം ഒരുമാസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടികളില്‍ അനാവശ്യ മത്സരബുദ്ധി, സമ്മര്‍ദം, വിവേചനം എന്നിവ സൃഷ്ടിക്കുന്ന തരത്തില്‍ നടത്തുന്ന പരീക്ഷകളില്‍ മാറ്റം വരുത്താനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം ഉറപ്പാക്കി എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തണമെന്നും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ക്കായി സ്‌കൂളുകള്‍ പ്രത്യേക ക്ലാസ് ഏര്‍പ്പെടുത്തുന്നത് നിരോധിക്കണം. പരീക്ഷകള്‍ക്കായുള്ള സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ പ്രത്യേക പരിശീലനം നിര്‍ത്തലാക്കണം. കുട്ടികളെ സ്‌കൂളുകളില്‍ വേര്‍തിരിച്ചിരുത്തി ക്ലാസ് നടത്തുന്നതും അവധി ദിവസങ്ങളിലടക്കം പ്രത്യേക പരിശീലനം നല്‍കുന്നതും തടയണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ബാലാവകാശ കമ്മീഷന്‍ മുന്നോട്ട് വെക്കുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!