കല്‍പ്പറ്റ: റോഡ് നവീകരണം പുരോഗമിക്കുമ്പോഴും കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ ദുരിതമൊഴിയുന്നില്ല. മഴപെയ്താല്‍ മണ്ണൊലിച്ച് റോഡിലും റോഡരികിലും എത്തുന്നതാണ് ഇപ്പോഴത്തെ പ്രധാനപ്രശ്‌നം. മലയോരഹൈവേയുടെ ഭാഗമായ ബൈപ്പാസില്‍ ഇപ്പോള്‍ റോഡ് വീതികൂട്ടുന്ന പ്രവൃത്തിയാണ് നടക്കുന്നത്. റോഡിന്റെ മുകള്‍ഭാഗത്ത് നിന്ന് മണ്ണെടുക്കുകയും വീതികൂട്ടുന്നതിന്റെ ഭാഗമായി എതിര്‍ഭാഗത്ത് മണ്ണ് കൊണ്ടിടുകയും ചെയ്തിട്ടുണ്ട്.
റോഡരികില്‍ വീടുള്ളഭാഗത്ത് സംരക്ഷണഭിത്തിയുടെ നിര്‍മാണവും നടക്കുന്നുണ്ട്. എന്നാല്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ശക്തമായ മഴയില്‍ കുത്തിയൊലിച്ച് സമീപത്തെ വീട്ടുമുറ്റത്തേക്കാണ് എത്തുന്നത്.പ്രദേശവാസിയായ സീനാനിവാസില്‍ കെ.ടി. ബാലന്റെ വീട്ടുമുറ്റത്തേക്കാണ് മണ്ണ് കൂടുതലായി ഒഴുകിയെത്തുന്നത്. ശക്തമായ മഴപെയ്ത ദിവസങ്ങളില്‍ മണ്ണ് കുത്തിയൊലിച്ചെത്തി വീടിന് സമീപത്തെ കിണറിലെ വെള്ളംവരെ ഉപയോഗിക്കാന്‍ കഴിയാതെവന്നെന്ന് ബാലന്‍ പറഞ്ഞു.
സംരക്ഷണഭിത്തിയുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയാവാത്തതാണ് മണ്ണ് കുത്തിയൊഴുകാന്‍ കാരണം. ഭിത്തിനിര്‍മാണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിലച്ചിരിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്‍ വിവിധഭാഗങ്ങളില്‍ പ്രവൃത്തി നടക്കുന്നുണ്ടെന്നും നിലച്ചിട്ടില്ലെന്നുമാണ് കേരള റോഡ്ഫണ്ട് ബോര്‍ഡ് അധികൃതരുടെ വിശദീകരണം. റോഡരികില്‍ മണ്ണെടുത്ത ഭാഗത്തുനിന്നും മഴയില്‍ റോഡിലേക്ക് മണ്ണൊലിച്ച് ഗതാഗതവും കാല്‍നടയാത്രയും പ്രയാസത്തിലാവുന്നുണ്ട്.