കിടത്തിച്ചികിത്സ ആവശ്യമായ രോഗിയില്‍നിന്ന് അഡ്വാന്‍സ് തുക വാങ്ങരുതെന്ന വ്യവസ്ഥയോടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചു. സ്‌കാനിങ്ങിനും മറ്റുവിലകൂടിയ മരുന്നുകളും ഒഴിവാക്കി പ്രതിദിനം ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന നിരക്കാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഗുണഭോക്താക്കള്‍, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് റഫര്‍ ചെയ്യുന്ന രോഗികള്‍ എന്നിവര്‍ ഒഴികെ ആശുപത്രികളില്‍ നേരിട്ടെത്തുന്നവര്‍ക്കാണ് നിരക്ക് ബാധകം.
കാരുണ്യ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരത്തേ നിശ്ചയിച്ചിട്ടുള്ള ചികിത്സാനിരക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആശുപത്രികള്‍ക്ക് കൈമാറുകയാണ്.
കോവിഡ് ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നുവെന്ന പരാതികളില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. കോടതി നിര്‍ദേശംകൂടി കണക്കിലെടുത്ത് സ്വകാര്യ ആശുപത്രി ഉടമകളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നിരക്ക് നിശ്ചയിച്ചത്. എന്‍.എ.ബി.എച്ച്. (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ്) അംഗീകാരമുള്ളവയ്ക്ക് ഉയര്‍ന്ന നിരക്കും അല്ലാത്തവയ്ക്ക് കുറഞ്ഞ നിരക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്.
പ്രതിദിന നിരക്ക്
എന്‍.എ.ബി.എച്ച്. അംഗീകാരമില്ലാത്ത ആശുപത്രികള്‍
ജനറല്‍ വാര്‍ഡ് 2645
പ്രത്യേക പരിചരണ യൂണിറ്റ് (എച്ച്.ഡി.യു) 3795
തീവ്ര പരിചരണ യൂണിറ്റ് (ഐ.സി.യു) 7800
വെന്റിലേറ്ററോടുകൂടിയ തീവ്രപരിചരണ യൂണിറ്റ് 13,800
എന്‍.എ.ബി.എച്ച്. അംഗീകാരമുള്ളവ
ജനറല്‍ വാര്‍ഡ് 2910
പ്രത്യേക പരിചരണ യൂണിറ്റ് (എച്ച്.ഡി.യു.) 4175
തീവ്ര പരിചരണ യൂണിറ്റ് (ഐ.സി.യു) 8580
വെന്റിലേറ്ററോടുകൂടിയ തീവ്രപരിചരണ യൂണിറ്റ് 15,180