എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവരെ നിയമിക്കണം ആം ആദ്മി പാര്‍ട്ടി
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെയും ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരെ നിയമിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി എ.എ.പി. ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ.
നിലവിലെ നിയമ പ്രകാരം ഇത്തരം ഒഴിവുകളില്‍ താല്കാലിക നിയമനം നടത്തുമ്പോള്‍ എംപ്ലോയ്മെന്റ് ഓഫീസുകളില്‍ നിന്നും ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് വാങ്ങി അതില്‍ നിന്നുമാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ നിലവിലെ നിയമനങ്ങളും മുന്‍കാല രീതികളും കാറ്റില്‍ പറത്തി കരാര്‍ നിയമനമെന്ന ഓമനപ്പേരില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചു ഇഷ്ടക്കാരെയും സ്വന്തക്കാരെയും രാഷ്ട്രീയ പക്ഷപാതിത്വത്തിന്റേയും മറ്റ് അനാരോഗ്യകരമായ പരിഗണനകളുടെയും പേരില്‍ തിരുകി കയറ്റുന്ന രീതിയാണ് കുറെ കാലങ്ങളായി നടന്നു വരുന്നത്.താല്ക്കാലിക നിയമനങ്ങള്‍ ഓഫീസുകളില്‍ ഇപ്പോഴും നിര്‍ബാധം നടക്കുകയാണ്. ഒരു ഒഴിവിനു നൂറു കണക്കിന് അപേക്ഷകരാണെത്തുന്നത്.ഈ ഉദ്യോഗാര്ഥികളെയെല്ലാം വിഡ്ഢികളാക്കി നേരെത്തെ തന്നെ നിശ്ചയിച്ച ഉദ്യോഗാര്ഥികള്‍ക്കാണ് നിയമനം ലഭിക്കുന്നത്. യാത്രക്കൂലി, ഭക്ഷണം, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പെടുക്കല്‍ എന്നിങ്ങനെ ഭാരിച്ച ചിലവാണ് നിര്ഭാഗ്യവാന്മാരായ തൊഴിലില്ലാപ്പട ഓരോ ഇന്റര്‍വ്യൂവിനും വഹിക്കേണ്ടി വരുന്നത്. കൂടാതെ ദിവസങ്ങള്‍ നീളുന്ന കാത്തിരിപ്പും. ഇത്തരം പ്രവണതകള്‍ക്ക് അറുതി വരുത്തേണ്ട സമയമായിരിക്കുന്നു. ആയതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ടു കരാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാ താല്‍കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് ഓഫീസുകളില്‍ നിന്നുള്ള ലിസ്റ്റില്‍ നിന്നായിരിക്കണമെന്നും ഓഫീസ് മേലധികാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നത്.