സംസ്ഥാനത്തു സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും തടയുന്നതിന് ഓരോ ജില്ലയിലും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഇവ നിയന്ത്രിക്കുന്നതിനു പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നല്‍കിയത്. ജില്ലാതലത്തില്‍ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്നതായിരിക്കും സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ്.
ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള ഈ സംഘം ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും ലഹരിമരുന്ന്, സ്വര്‍ണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താന്‍ നടപടി സ്വീകരിക്കും. ക്രിമിനലുകളുടെ വരുമാന സ്രോതസ്സും സമ്പത്തും അന്വേഷിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കാന്‍ നടപടിയെടുക്കും. ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ ആഴ്ചയിലും റേഞ്ച് ഡിഐജിമാര്‍ രണ്ടാഴ്ച കൂടുമ്പോഴും സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തും.
ഓരോ സ്റ്റേഷനിലും ആന്റി ഓര്‍ഗനൈസ്ഡ് ക്രൈം സെല്‍
സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ആന്റി ഓര്‍ഗനൈസ്ഡ് ക്രൈം സെല്ലുകള്‍ക്കു രൂപം നല്‍കും. കുറഞ്ഞത് ഒരു എസ്‌ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഈ സെല്ലിലുണ്ടാകും. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് നിര്‍വഹിക്കുന്ന ചുമതലകള്‍ തന്നെയാകും പൊലീസ് സ്റ്റേഷന്‍ തലത്തില്‍ ഈ സെല്ലും ചെയ്യുക. സെല്ലിന്റെ നിരീക്ഷണവും ചുമതലയും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കായിരിക്കും.
നിയമ നടപടികള്‍ക്കായി ‘ഓപ്പറേഷന്‍ കാവല്‍’
ലഹരിമരുന്ന്, മണല്‍, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണം എന്നിവ തടയുന്നതിനും ഇവയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ക്കും പ്രത്യേക പദ്ധതിക്കും പൊലീസ് രൂപം നല്‍കി. ‘ഓപ്പറേഷന്‍ കാവല്‍’ എന്നു പേരിട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിപി അനില്‍ കാന്ത് പുറപ്പെടുവിച്ചു. അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരെയെല്ലാം ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റ് ചെയ്യും.
വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവികള്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കും.
സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്‌പെഷല്‍ ബ്രാഞ്ച് തയാറാക്കി ഇവരെ കര്‍ശനമായി നിരീക്ഷിക്കും.
ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ലംഘിച്ചെന്നു കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.
ക്രിമിനല്‍ കേസ് പ്രതികളുടെയും കുറ്റവാളികള്‍ എന്നു സംശയിക്കുന്നവരുടെയും സങ്കേതങ്ങളില്‍ പരിശോധന നടത്തും.
നേരത്തേ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കും. ആവശ്യമെങ്കില്‍ കാപ്പ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും.
സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാര്‍ തയാറാക്കും.
കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും. നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുഖേന സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ എല്ലാ ദിവസവും രാവിലെ ഡിജിപിക്കു ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.