സംസ്ഥാനം പൂര്‍ണ്ണമായും അളക്കുന്ന എന്റെ ഭൂമി എന്ന പദ്ധതിയ്ക്ക് ഇന്നുമുതല്‍ തുടക്കം.എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത് കൃത്യമായ റിക്കോഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വേയ്ക്കാണ് തുടക്കമാവുന്നത്. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ 1966 ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തില്‍ ആദ്യമായാണ് കേരളം പൂര്‍ണമായും അളക്കുന്ന നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.നാലു വര്‍ഷം കൊണ്ട് റീസര്‍വേ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അണ്‍ സര്‍വെയ്ഡ് വില്ലേജുകള്‍, നാളിതുവരെ റീസര്‍വേ പൂര്‍ത്തിയാകാത്ത വില്ലേജുകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ പൂര്‍ത്തിയാക്കുന്നതിനാണ് നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
ആരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ‘എന്റെ ഭൂമി” എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സര്‍വെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വെയില്‍ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തില്‍ തന്നെ സര്‍വെ നടത്തുന്നതും ഫീല്‍ഡില്‍ വച്ചു തന്നെ മാപ്പുകള്‍ തയ്യാറാക്കുന്ന വിധത്തില്‍ പൂര്‍ണ്ണമായും സോഫ്റ്റ് വെയര്‍ അധിഷ്ഠിതമായാണ് ഡിജിറ്റല്‍ സര്‍വെ നടത്തുന്നതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.