കന്നുകാലികളിലെ  ചര്‍മമുഴ രോഗം പ്രതിരോധ  നടപടികള്‍ ഊര്‍ജിതമാക്കുന്നു

0

അയല്‍ സംസ്ഥാനങ്ങളിലെ കന്നുകാലികളില്‍ ലംപിസ്‌കിന്‍ ഡിസീസ് എന്നറിയപ്പെടുന്ന ഗുരുതരമായ ചര്‍മ്മ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയതതിനാല്‍ ജില്ലയിലും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.വസൂരി വൈറസിനോട് ജനിതക സാമ്യമുള്ള കാപ്രിപോക്‌സ് വൈറസ് ആണ് കന്നുകാലികളില്‍ രോഗമുണ്ടാക്കുന്നത്.നിലവില്‍ മൃഗാശുപത്രികള്‍ മുഖേന പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍ അറിയിച്ചു.

രോഗബാധയുള്ള മൃഗങ്ങളില്‍ നിന്ന് ചെള്ള്, വട്ടന്‍, ഈച്ചകള്‍ തുടങ്ങിയവ കടിക്കുന്നത് മൂലം മറ്റു മൃഗങ്ങളിലേക്ക് രോഗം പടരാം. കര്‍ഷകന് ഭാരിച്ച സാമ്പത്തിക നഷ്ടവും ഉല്‍പാദന ഇടിവും ഉണ്ടാക്കുന്നതോടൊപ്പം ഗുരുതരമായി രോഗം ബാധിക്കുന്ന പശുക്കള്‍ക്ക് മരണം വരെ സംഭവിക്കാം. രോഗബാധയുടെ തീവ്രത അനുസരിച്ച് അസുഖം പൂര്‍ണമായി ഭേദമാകാന്‍ 8 ആഴ്ച മുതല്‍ 8 മാസം വരെ സമയം എടുക്കാറുണ്ട്. അന്യസംസ്ഥാനങ്ങ ളില്‍ നിന്നുള്ള കന്നുകാലികളുടെ വരവും ബാഹ്യപരാദ നിയന്ത്രണവും രോഗ പകര്‍ച്ച തടയാന്‍ അത്യന്താപേക്ഷിതമാണ്.

ചര്‍മ്മമുഴ രോഗത്തിന് നിലവില്‍ മൃഗാശുപത്രികള്‍ മുഖേന പ്രതിരോധ കുത്തിവെപ്പ് നടപടികള്‍ ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കൂടുതല്‍ പശുക്കള്‍ ഉള്ള ഫാമുകള്‍ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക.

ചര്‍മ്മമുഴ രോഗത്തിനുള്ള വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ ആടു വസൂരി ക്കെതിരെയുള്ള വാക്‌സിനാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രദമായി ഉപയോഗിക്കുന്നത് . കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കുത്തിവെപ്പിന് വിധേയമാക്കിയ പശുക്കളില്‍ ഒന്നും തന്നെ പ്രതിരോധ കാലയളവില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ. ജയരാജ് പറഞ്ഞു.

വാക്‌സിന്റെ ലഭ്യത അനുസരിച്ച് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 2500 ഓളം ഉരു കള്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. കെ. എസ്. പ്രേമന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ക്ക് അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരായ എ. കെ. രമേശന്‍,സി. ഡി. റോഷ്ന, ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.സുനിത, രതീഷ് പി കെ, ബിനോയി ജെയിംസ്, ജീവനക്കാരായ ജോസഫ് വി എം, മാത്യു പി ജെ, സന്തോഷ് കുമാര്‍ പി ആര്‍, സിജി സാബു, ജയ സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!