ചര്‍ച്ച ഫലംകണ്ടു; സ്‌കൂള്‍ ഗ്രൗണ്ടിലെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു
വെള്ളമുണ്ട ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മ്മിക്കുന്നതും ആയി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി വെള്ളമുണ്ടയില്‍ യുവാക്കളും, കായികപ്രേമികളും, വെള്ളമുണ്ട സ്‌ട്രൈക്കേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നുവരികയായിരുന്നു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നുദിവസമായി രാത്രിയില്‍ ടൗണില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
കഴിഞ്ഞദിവസം വെള്ളമുണ്ടയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം ചേരുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍, ക്ലബ്ബ് ഭാരവാഹികള്‍, വെള്ളമുണ്ടയിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ചര്‍ച്ചയില്‍, പൊതു കളിസ്ഥലം വാങ്ങാന്‍ ധാരണയാവുകയും ചെയ്തതോടെയാണ് ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വം അവസാനിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തില്ല എന്ന യുവാക്കളുടെ ഉറപ്പിന്മേല്‍ ഇന്ന് കെട്ടിടനിര്‍മ്മാണത്തിന്റെ മണ്ണെടുക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. നിലവില്‍ ഗ്രൗണ്ടിന് കോട്ടംതട്ടാത്ത രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. അതിനാല്‍ തന്നെ നിലവില്‍ കളിക്കുന്നതിന് ഒരു തടസ്സവുമില്ല. നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയില്ല എന്ന് യുവാക്കള്‍ വ്യക്തമാക്കിയിരുന്നെങ്കിലും. അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.