ആശാന്‍ കവിതയെ സമകാലീകമാക്കിയെന്ന് സച്ചിദാനന്ദന്‍

0

കവിതയെ സാമ്പ്രദായികതയില്‍ നിന്ന് സമകാലീനതയിലേക്ക് പരിണമിപ്പിച്ച രചനകൊണ്ടുവന്നത് കുമാരാനാശാനണന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് സച്ചിദാനന്ദന്‍. കുമാരാനാശാന്റെ ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീകൃതികളുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി, ജില്ലാ ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച്
സുല്‍ത്താന്‍ബത്തേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിതയുടെ തേജോലോകങ്ങളെ ഉപേക്ഷിച്ച് സമൂഹത്തിലെ സാധാരണ ജനങ്ങളുടെ ജീവിതങ്ങളെകുറിച്ച് എഴുതാന്‍ ആരംഭിച്ചത് 19, 20 നൂറ്റാണ്ടുകളില്‍ ഉദയം ചെയ്ത കവികളാണ്. ഈ പരിവര്‍ത്തനം മലയാളത്തില്‍ ഏറ്റവും സഫലമായി സാര്‍ഥകമായി, സംവേദനക്ഷമമായി ആദ്യം സാദിച്ച കവികളിലൊരാള്‍ കുമാരനാശനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരേസമയം കവിതെയെയും ശൈലിയെയും സൗന്ദര്യത്തെയും ബോധത്തെയും മാറ്റിയെഴുതുകയും സമൂഹത്തില്‍ നിലനില്‍ക്കുന്ന സങ്കല്‍പ്പങ്ങളെ മുഴുവന്‍ തിരുത്തുകയും ചെയ്തത് ആശാനായിരുന്നു. ഇത് ചണ്ഡാലഭിക്ഷുകിയിലും ദുരവസ്ഥയിലും കാണാം. അതുകൊണ്ടുതന്നെയാണ് ആശാന്‍ ഇത്രയേറെ ആഘോഷിക്കപെടുകയും ഓര്‍മ്മിക്കപ്പെടുകയും ചെയ്യുന്നത്. ആശാനില്ലായിരുന്നെങ്കില്‍ മലയാളത്തില്‍ അടിത്തട്ടിലുള്ള ജീവിതങ്ങളെ പറയുന്ന കവികളെ ലഭിക്കുമായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.മലയാള കവിതാചരിത്രത്തിലുള്ള വലിയവിച്ഛേദം സാധിച്ചത് ചണ്ഡാലഭിക്ഷുകി, ദുരവസ്ഥപോലുള്ള കവിതകളിലൂടെയാണ്. മറ്റ്എല്ലാകവികളെയുംപോലും സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും കവികൂടിയായിരുന്നു കുമാരാനാശാന്‍. സമകാലിക പ്രശ്നങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് മനുഷ്യാസ്ഥിത്വത്തിന്റെ സമഗ്രമായ ആവിഷ്‌കാരങ്ങളായി പരണമിപ്പിച്ചു എന്ന സവിശേഷതയാണ് കുമാരാനാശാനെ വലിയകവിയാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ സാഹിത്യഅക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവില്‍ അധ്യക്ഷനായി. സെക്രട്ടറി സി പി അബൂബക്കര്‍, മൈന ഉമൈബാന്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുകുമാരന്‍ ചാലിഗദ്ദ, ജില്ലാലൈബ്രറി കൗണ്‍സില്‍ പി കെ സുധീര്‍, എം ദേവകുമാര്‍, പി കെ സത്താര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!