കൊച്ചു ക്ഷേത്രത്തിന്റെ മാതൃകയില്‍ പണികഴിപ്പിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കാഴ്ചക്കാരില്‍ കൗതുകമാകുന്നു. ബത്തേരി – മലയവയല്‍ – അമ്പലവയല്‍ പാതയോരത്ത് മലവയല്‍ ശ്രീ മഹാശിവക്ഷേത്രത്തിന് മുന്‍വശത്താണ് മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രം ഭജനസമിതിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചത്.
ബത്തേരി – മല വയല്‍ – അമ്പലവയല്‍ റോഡില്‍ യാത്ര ചെയ്യുന്നവരില്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണിത്.ഒറ്റനോട്ടത്തില്‍ ഒരു കൊച്ചു ക്ഷേത്രത്തിന്റെ ആകൃതിയിലൊരു ബസ് കാത്തിരിപ്പ് കേന്ദ്രം. മലവയല്‍ മഹാശിവക്ഷേത്രത്തിന് മുന്നിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ ക്ഷേത്രത്തിലെ ഭജസമിതിയുടെ നേതൃത്വത്തില്‍ മനോഹരമായ കാത്തിരിപ്പ് കേന്ദ്രം പണികഴിപ്പിച്ചത്. ക്ഷേത്രങ്ങളുടേതിന് സമാനമായ മേല്‍ക്കൂര. ഇരുവശത്തും തൂങ്ങുന്ന മണികള്‍. ടൈല്‍സ് പാകിയ അടിത്തറയും ഇരിപ്പിടവും. ക്ഷേത്രത്തിലെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം വലിയ ഉപകാരപ്രദമായിരിക്കുകയാണ്. ക്ഷേത്രം ഭജനസമിതിയിലെ കിഷോര്‍ കുമാര്‍, കെ.ജി. സന്തോഷ്, എന്‍.സി. മണി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുലക്ഷത്തിലധികം രൂപ ചിലവഴിച്ച് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. റോഡ് വീതികൂട്ടുന്ന സമയത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റാന്‍ ഇവര്‍ അധികൃതരോട് സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.