കാലപ്പഴക്കം വന്ന വനനിയമങ്ങള്‍ പൊളിച്ചെഴുതണമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി രാജ്യത്ത് വനം-വന്യജീവി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.വന്യജീവികളുടെയും തെരുവുനായക്കളുടെയും ഉപദ്രവങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നാ മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടിറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനനിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ പലപ്പോഴും ജനപക്ഷ നിലപാടുകള്‍ വനംവകുപ്പ് സ്വീകരിക്കാറില്ല. ഇന്ത്യയില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ പോലെയല്ല തെക്കന്‍ സംസ്ഥാനങ്ങള്‍. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വനം വന്യജീവികള്‍ കേരളത്തിലുണ്ട്. അതിന്റെ സംരക്ഷണത്തിലും കേരളം മുന്നിലാണ്. എന്നാല്‍ കാടിനകത്ത് കഴിയാന്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ ഭക്ഷണത്തിനായി വളര്‍ത്തു മൃഗങ്ങള്‍ക്കും മനുഷ്യനുജീവനും ഭീഷണിയാകുകയും കൃഷി വിളകള്‍ നശിപ്പിക്കുകയും ചെയ്യുകയാണ്. ഈ പ്രശ്നങ്ങള്‍ക്ക് അടിയന്തരപരിഹാരം കാണാന്‍ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ ജെ ദേവസ്യ അധ്യക്ഷനായി. തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ജോസഫ് മാടശ്ശേരി, ജോബ് മൈക്കിള്‍ എംഎല്‍എ, കെ കെ ബേബി, കെ വി മാത്യു മാസ്റ്റര്‍, റ്റി ഡി മാത്യു, ടി എസ് ജോര്‍ജ്, കുര്യന്‍ ജോസഫ് ,ടോം ജോസ്, അഡ്വക്കറ്റ് ഈശോ എം ചെറിയാന്‍ തുടങ്ങിയിവര്‍ സംസാരിച്ചു.