എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് പരിശോധിക്കും

0

വികസന പദ്ധതികളെ കുറിച്ച് നടത്തുന്ന അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നടക്കുക. മറുപടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ സമിതിക്ക് അതൃപ്തിയുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് എത്തിക്‌സ് കമ്മിറ്റി കടക്കുമെന്നാണ് സൂചന. വികസന പദ്ധതികളിലേക്ക് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നീങ്ങിയതിനുള്ള സര്‍ക്കാരിന്റെ മറുപടിയായിരുന്നു എത്തിക്‌സ് കമ്മിറ്റി ഇ.ഡിക്ക് നല്‍കിയ നോട്ടീസ്.

തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവാണ് ലൈഫ് പദ്ധതിയുടെ രേഖകള്‍ ഇ.ഡി ആവശ്യപ്പെട്ടത് പദ്ധതി തടസപ്പെടുത്താന്‍ വേണ്ടിയാണെന്ന പരാതി സ്പീക്കര്‍ക്ക് നല്‍കിയത്. ഈ പരാതിയില്‍ വിശദീകരണം തേടിയാണ് നിയമസഭയുടെ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ രാധാകൃഷ്ണന് നോട്ടീസയച്ചത്.

 

ഒരുതരത്തിലും നിയമസഭയുടെ അധികാരത്തില്‍ കടന്നു കയറാന്‍ ശ്രമിച്ചിട്ടില്ലെന്നും ഫയലുകള്‍ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരം ഉണ്ടെന്നുമാണ് ഇ.ഡി മറുപടി നല്‍കിയത്. ഇത് നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുന്‍പ് ചോര്‍ന്നതില്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് അതൃപ്തിയുള്ളതായാണ് സൂചന. ഇത് നിയമസഭയോടുള്ള അവഹേളനമാണെന്ന വിലയിരുത്തലുമുണ്ട്. മറുപടി ചോര്‍ത്തിയെന്ന ആരോപണം ഇ.ഡി ഇതിനകം നിഷേധിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാല്‍ ഇ.ഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനെ എത്തിക്‌സ് കമ്മിറ്റി വിളിച്ച് വരുത്തിയേക്കും. എന്നാല്‍ സഭാ സമിതിയുടെ നീക്കത്തോട് പ്രതിപക്ഷ എംഎല്‍എ മാര്‍ക്ക് യോജിപ്പില്ല. ഇന്നത്തെ യോഗത്തിലും എംഎല്‍എമാര്‍ വിയോജിപ്പ് അറിയിക്കും. എന്നാല്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റി ആയതുകൊണ്ട് തന്നെ സഭാ സമിതിയുടെ തീരുമാനത്തെ എതിര്‍പ്പ് ബാധിക്കില്ല. ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താനാണ് തീരുമാനമെങ്കില്‍ അത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിവക്കും.

Leave A Reply

Your email address will not be published.

error: Content is protected !!