സ്‌കൂളുകളില്‍ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും

0

ജില്ലയിലെ വിദ്യാലയങ്ങള്‍ ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌കൂള്‍ പി.ടി. എ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തിരുമാനം.ജില്ലയിലെ വിദ്യാലയങ്ങള്‍ പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്‌നം കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിലെ വര്‍ധനവാണെന്ന് യോഗത്തില്‍ പിടിഎ പ്രസിഡന്റുമാര്‍ ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും ഇതിനായി പോലീസിന്റെയും എക്‌സൈസിന്റെയും ഇടപെടലുകള്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.പല വിദ്യാലയങ്ങളിലും ചുറ്റുമതില്‍ ഇല്ലാത്തത് സുഗമമായി ലഹരി എത്തുന്നതിന് കാരണമാകുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റിരിയല്‍ കോസ്റ്റ് ഉപയോഗിച്ച് ചുറ്റുമതില്‍ നിര്‍മ്മാണം ആരംഭിക്കാനാകും. ചുറ്റുമതിലിന് പുറമെ സ്‌കൂളുകളിലെ അടുക്കള്ള നിര്‍മ്മിക്കാനും തൊഴിലുറപ്പ് പദ്ധതിയിലുടെ കഴിയും.
സ്ഥലത്തിന്റെ അതിര്‍ത്തി രേഖകള്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ക്ക് അവയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈയേറിയ ഭൂമികള്‍ വീണ്ടെടുക്കാന്‍ വേണ്ട സര്‍വ്വേ നടപടികള്‍ ആരംഭിക്കും. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലെക്ക് കടുതല്‍ ആകര്‍ഷിക്കാന്‍ എന്‍.സി.സി, എസ്.പി.സി എന്നിവക്ക് പുറമെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ഗോത്ര വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായി സര്‍ക്കാര്‍ നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതി നടത്തിപ്പിലെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ യോഗം തിരുമാനിച്ചു.സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ സി.എസ്.ആര്‍ ഫണ്ട്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായം എന്നിവ പ്രയോജനപ്പെടുത്തണമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശി പ്രഭാ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സുനില്‍ കുമാര്‍, ഡയറ്റ് സീനിയര്‍ ലക്ച്ചര്‍ എം.ഒ സജി എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!