കുഞ്ഞിനു ജന്മം നല്‍കണോ എന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗം:ഹൈക്കോടതി

0

കുഞ്ഞിനു ജന്മം നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തില്‍ നിയന്ത്രണങ്ങളില്ലെന്നും അത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തെ തുടര്‍ന്നു സഹപാഠിയില്‍നിന്നു ഗര്‍ഭിണിയായ ഇരുപത്തിമൂന്നുകാരിയായ എംബിഎ വിദ്യാര്‍ഥിനിയുടെ 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിലാണു ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം പറഞ്ഞത്. പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കില്‍ എറ്റവും മികച്ച പരിരക്ഷ ആശുപത്രി അധികൃതര്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഗര്‍ഭം തുടരുന്നതു യുവതിയുടെ ജീവനു ഭീഷണിയാണെന്ന് കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പോളിസിസ്റ്റിക് ഓവേറിയന്‍ രോഗാവസ്ഥ നേരിടുന്ന യുവതി അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തി അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായി. യുവതിയുടെ സഹപാഠി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്കു പോയിരുന്നു. ഗര്‍ഭം തുടര്‍ന്നാല്‍ തന്റെ മാനസിക സമ്മര്‍ദം വര്‍ധിക്കുമെന്നും വിദ്യാഭ്യാസത്തെയും മറ്റും ബാധിക്കുമെന്നും അതിനാല്‍ അലസിപ്പിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു യുവതിയെ ആവശ്യം.ഗര്‍ഭം 24 ആഴ്ച പിന്നിട്ടതിനാല്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം അലസിപ്പിക്കാന്‍ ആശുപത്രികള്‍ തയാറായില്ല. തുടര്‍ന്നാണു കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകില്ലെങ്കിലും മാനസിക നിലയെ ബാധിക്കുമെന്ന റിപ്പോര്‍ട്ട് നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!